തിരുവനന്തപുരം: കെ.എസ്.ആർ.ടി സിയിൽ ഗുരുതര ക്രമക്കേടുകളെന്ന് ധനകാര്യ പരിശോധന വിഭാഗത്തിന്‍റെ റിപ്പോർട്ട്. 100.75 കോടി രൂപ ചെലവാക്കിയതിന് കൃത്യമായ രേഖകളില്ല. 2011 മുതൽ 2013 വരെ ചീഫ് ഓഫീസിൽ നിന്ന് യൂണിറ്റുകളിലേക്ക് നൽകിയ തുകകളും രേഖപ്പെടുത്തിയിട്ടില്ല. ബാങ്ക്, ട്രഷറി ,വഴി നടത്തിയ ഇടുപാടുകളുടെ കണക്കുകൾ ഇല്ലെന്നും റിപ്പോർട്ടിൽ പറയുന്നു. ഇത്തരം രേഖകൾ സൂക്ഷിക്കാതെ ഇരുന്നത് ക്രമക്കേട് നടത്താനാണെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. അന്നത്തെ അക്കൗണ്ട്‌സ് മാനേജർമാരായിരുന്ന കെ.എം ശ്രീകുമാർ, ശ്രീദേവി അമ്മ, ഫിനാൻസ് അഡ്വൈസർമാരായിരുന ജെ. വിജയമോഹനൻ, ആർ. സുധകരൻ എന്നിവർ ക്രമക്കേടുകൾക്ക് ഉത്തരവാദികളാണെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്.
അതേ സമയം 100 കോടി രൂപ കാണാതായ സംഭവത്തിൽ വിജിലൻസ് അന്വേഷണത്തിന് ശുപാർശ ചെയ്യാനിരിക്കുകയാണ് കെ.എസ്.ആർ.ടി.സി എം.ഡി ബിജു പ്രഭാകർ. ശ്രീകുമാറിന്‍റെ വിശദീകരണം ലഭിച്ച ശേഷം ഇക്കാര്യത്തിൽ അന്തിമ തീരുമാനം എടുക്കും. ശ്രീകുമാറിനോട് കഴിഞ്ഞ ദിവസം എം.ഡി വിശദീകരണം തേടിയിരുന്നു. 15 ദിവസത്തിനുള്ളിൽ വിശദീകരണം നൽകണമെന്നാണ് നിർദ്ദേശം. ശനിയാഴ്‌ച വാർത്താ സമ്മേളനം നടത്തിയാണ് കെ.എസ്.ആർ.ടി.സിയിലെ 100 കോടി രൂപ കാണാനില്ലെന്ന് എം.ഡി ബിജു പ്രഭാകർ തുറന്നടിച്ചത്. പിന്നാലെ അന്നത്തെ അക്കൗണ്ട്‌സ് മാനേജറായിരുന്ന ശ്രീകുമാറിനെ എറണാകുളത്തേക്ക് സ്ഥലം മാറ്റുകയും ചെയ്‌തിരുന്നു.