തിരുവനന്തപുരം: കൊവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച് ക്രിട്ടിക്കൽ കണ്ടെയിൻമെന്‍റ് സോണിൽ സീരിയൽ ഷൂട്ടിങ്ങ് നടത്തിയ സംഘത്തെ വർക്കല പൊലീസ് അറസ്റ്റുചെയ്തു. ഒരു പ്രമുഖ സ്വകാര്യ ചാനലില്‍ സംപ്രേഷണം ചെയ്യുന്ന ജനപ്രിയ പരമ്പരയായ സീതാകല്യാണത്തിന്‍റെ ഷൂട്ടിങ്ങ് സംഘത്തിനെതിരെയാണ് നടപടി. വെള്ളിയാഴ്ച്ച 11 മണിയോടെയാണ് അയിരൂർ ഓടയത്തെ സ്വകാര്യ റിസോര്‍ട്ടില്‍ നിന്ന് സീരിയൽ താരങ്ങൾ ഉൾപ്പെടെ 20 പേര്‍ പിടിയിലായത്. റിസോര്‍ട്ട് ഉടമ, സീരിയൽ താരങ്ങളായ പത്മനാഭൻ തമ്പി, രജി നായർ എന്നിവരും അറസ്റ്റിലായവരിലുണ്ട്.
ALSO READ: കൊവിഡ് കാലത്ത് സ്വയം സുരക്ഷ: സൈക്കിൾ യാത്ര തെരഞ്ഞെടുത്ത് ഹോം ഗാർഡ് വിവി പവിത്രൻ
രണ്ട് നടിമാരും ഒരു നടനും സംഭവസ്ഥലത്ത് നിന്നും മുങ്ങി. സ്പെഷ്യൽ ബ്രാഞ്ച് നൽകിയ രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് പൊലീസ് റിസോര്‍ട്ടിലെത്തിയത്. വർക്കല ഡി.വൈ.എസ്.പി ബാബുക്കട്ടൻ, സി.ഐ ഗോപകുമാർ എന്നിവര്‍ നേതൃത്വം നല്‍കി. കസ്റ്റഡിയിലെടുത്ത ഷൂട്ടിങ് ഉപകരണങ്ങളും ക്യാമറയും കോടതിയിൽ ഹാജരാക്കും. കേരള എപ്പിഡമിക് ഡിസീസ് ഓര്‍ഡിനൻസ് (കെ.ഇ.ഡി.ഒ) പ്രകാരം കേസ് രജിസ്റ്റർ ചെയ്ത് പ്രതികളെ വിട്ടയച്ചു.