തിരുവനന്തപുരം: വാര്‍ത്തകള്‍ നല്‍കുമ്പോള്‍ ഓര്‍മകള്‍ കൂടി ചേരുമ്പോഴാണ് യഥാര്‍ത്ഥ മാധ്യമ പ്രവര്‍ത്തനമാവുന്നതെന്ന് മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ ശശി കുമാര്‍. എന്നാല്‍ ഇപ്പോള്‍ പുറത്തുവരുന്ന വാര്‍ത്തകളില്‍ ഇത് കാണുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. കേരളീയത്തില്‍ വച്ച് നടന്ന മാധ്യമ സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അത് മാധ്യമങ്ങളുടെ ഇരട്ടത്താപ്പ്: ഇസ്രയേൽ പലസ്‌തീൻ യുദ്ധത്തിൽ അഗോള മാധ്യമങ്ങളുടെ ഇരട്ടത്താപ്പ് കണ്ടുകൊണ്ടിരിക്കുകയാണ്. പല ചിത്രങ്ങളും പകുതിയിൽ വച്ച് കട്ട് ചെയ്‌ത് ഹമാസിനെ ഭീകരന്മാരായി ചിത്രീകരിക്കുകയാണ്. ഹമാസിന്‍റെ ഇസ്രയേൽ ആക്രമണം എതിർക്കേണ്ടത് ഇസ്രയേലിനെ ന്യായീകരിച്ചു കൊണ്ടാവരുത്. മാധ്യമങ്ങള്‍ക്ക് സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ സാധിക്കുന്നില്ലെങ്കില്‍ അവിടെ ജനാധിപത്യമില്ലെന്നാണ് മനസിലാക്കേണ്ടതെന്നും മാധ്യമങ്ങള്‍ക്ക് വിലക്ക് വരുന്ന കാലത്ത് സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തിന് സഹായിക്കുന്നത് സാമൂഹ്യമാധ്യമങ്ങളാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സെമിനാറില്‍ കേട്ടത്: ഇന്ത്യയില്‍ ഇന്‍വസ്‌റ്റിഗേഷന്‍ റിപ്പോര്‍ട്ടുകള്‍ക്ക് സാധ്യത ഏറെയുണ്ട്. മാധ്യമപ്രവര്‍ത്തകര്‍ അപമാനിക്കപ്പെടുന്നതിന് കാരണം അവര്‍ക്കിടയില്‍ ഒത്തൊരുമയില്ലാത്തതാണ്. ഇതിനായി കൂട്ടായ്‌മകള്‍ രൂപപ്പെട്ട് വരണമെന്നും സെമിനാറില്‍ പാനലിസ്‌റ്റായ ഇന്‍വസ്‌റ്റിഗേറ്റീവ് റിപ്പോര്‍ട്ടര്‍ ജോസി ജോസഫ് പറഞ്ഞു.
ന്യൂസ് റൂമുകള്‍ അരാഷ്ട്രീയമാവുന്ന കാഴ്‌ചയാണ് ഇപ്പോള്‍ കണ്ട് വരുന്നതെന്ന് ദ ടെലിഗ്രാഫ് എഡിറ്റര്‍ അറ്റ് ലാര്‍ജ് ആര്‍ രാജഗോപാലും അഭിപ്രായപ്പെട്ടു. മറ്റ് സംസ്ഥാനങ്ങളിലെ മാധ്യമങ്ങളെ അപേക്ഷിച്ച് കേരളത്തിലെ മാധ്യമങ്ങള്‍ കുറച്ച് കൂടി കൃത്യതയോടെ പെരുമാറുന്നുണ്ടെന്നും കളമശ്ശേരിയില്‍ അത് കണ്ടുവെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.
Also Read: ഇസ്രയേല്‍ പലസ്‌തീന്‍ പ്രശ്‌നം വായിച്ച് മനസിലാക്കണം, യാത്രകളെ സ്വാധീനിച്ചത് എസ്‌കെ പൊറ്റക്കാടിന്‍റെ പുസ്‌തകങ്ങള്‍ : സന്തോഷ് ജോര്‍ജ് കുളങ്ങര