തിരുവനന്തപുരം: ജാതി വിവേചന വിവാദങ്ങള്‍ക്ക് പിന്നാലെ രാജിക്കത്ത് നല്‍കിയ കെ ആര്‍ നാരായണന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്‌ടര്‍ ശങ്കര്‍ മോഹന്‍റെ രാജി സ്വീകരിച്ച് ഉന്നത വിദ്യാഭ്യാസ വകുപ്പ്. ഇന്‍സ്റ്റിറ്റ്യൂട്ടിന്‍റെ പുതിയ ഡയറക്‌ടര്‍ക്കായി മൂന്നംഗ സെര്‍ച്ച് കമ്മിറ്റിയെ രൂപീകരിച്ചു. വി കെ രാമചന്ദ്രന്‍, ഷാജി എന്‍ കരുണ്‍, ടി വി ചന്ദ്രന്‍ എന്നിവരാണ് സെര്‍ച്ച് കമ്മിറ്റിയിലുള്ളത്.
ജാതി വിവേചനം ആരോപിച്ച് വിദ്യാര്‍ഥികള്‍ നടത്തുന്ന സമരം അവസാനിപ്പിക്കണമെന്ന് ഉന്നത വിദ്യഭ്യാസ മന്ത്രി ആര്‍ ബിന്ദു ആവശ്യപ്പെട്ടു. രാജി വച്ചെങ്കിലും രാജിക്ക് വിവാദങ്ങളുമായി ബന്ധമില്ലെന്നാണ് ശങ്കര്‍ മോഹന്‍റെ പ്രതികരണം. സര്‍ക്കാര്‍ തലത്തില്‍ ആരും തന്നോട് രാജി ആവശ്യപ്പെട്ടിരുന്നില്ല. കാലാവധി തീര്‍ന്നതാണ് രാജിക്ക് കാരണമെന്നാണ് ശങ്കര്‍ മോഹന്‍ വിശദീകരിച്ചത്.
പ്രതികരിക്കാതെ അടൂര്‍: ഡയറക്‌ടറുടെ രാജിയെക്കുറിച്ച് ചോദിച്ചപ്പോള്‍ പ്രതികരിക്കാനില്ലെന്നാണ് ഇന്‍സ്റ്റിറ്റ്യൂട്ട് ചെയര്‍മാന്‍ അടൂര്‍ ഗോപാലകൃഷ്‌ണന്‍റെ മറുപടി. ഇന്ന് ഉച്ചയോടെയാണ് ജാതി വിവേചനം കാണിക്കുന്നുവെന്ന് വിദ്യാര്‍ഥികള്‍ ആരോപണം ഉന്നയിച്ച കോട്ടയം കെ ആര്‍ നാരായണന്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്‌ടര്‍ ശങ്കര്‍ മോഹന്‍ രാജി വച്ചത്. ശങ്കര്‍ മോഹന്‍ രാജി വയ്‌ക്കണമെന്ന് ആവശ്യപ്പെട്ട് ഇന്‍സ്റ്റിറ്റ്യൂട്ട് വിദ്യാര്‍ഥികള്‍ നടത്തുന്ന സമരം 48-ാം ദിനത്തിലേക്ക് കടക്കുമ്പോഴാണ് രാജി.
രാജി കാലാവധി തീര്‍ന്നതിനാല്‍ എന്ന് ശങ്കര്‍ മോഹന്‍: എന്നാല്‍ വിവാദങ്ങളുമായി രാജിക്ക് ബന്ധമില്ലെന്നും കാലാവധി തീര്‍ന്നതാണ് കാരണമെന്നും സര്‍ക്കാര്‍ തലത്തില്‍ ആരും തന്നോട് രാജി ആവശ്യപ്പെട്ടിരുന്നില്ലെന്നും ശങ്കര്‍ മോഹന്‍ അറിയിച്ചു. മൂന്ന് വര്‍ഷത്തെ കാലാവധി കഴിഞ്ഞു. അതിന് ശേഷം ഡയറക്‌ടര്‍ സ്ഥാനത്ത് ഒരു വര്‍ഷത്തെ എക്സ്റ്റന്‍ഷന്‍ തന്നിരുന്നു. ഇതും അവസാനിച്ചതിനാലാണ് രാജിവച്ചതെന്നും ശങ്കര്‍ മോഹന്‍ വിശദീകരിച്ചു.
അതേസമയം സമരവുമായി രാജി പ്രഖ്യാപനത്തിന് ബന്ധമില്ലെന്ന വാദം വിദ്യാര്‍ഥികള്‍ തള്ളി. രാജി പ്രഖ്യാപനം കൊണ്ട് സമരം അവസാനിക്കില്ലെന്നും ഉന്നയിച്ച പ്രശ്‌നങ്ങള്‍ക്കെല്ലാം പരിഹാരം വേണമെന്നുമാണ് വിദ്യാര്‍ഥികളുടെ ആവശ്യം. അതുവരെ സമരം തുടരുമെന്നും വിദ്യാര്‍ഥികള്‍ വ്യക്തമാക്കി.
Also Read: കെ ആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്‌ടർ ശങ്കർ മോഹൻ രാജിവച്ചു
ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്‌ടര്‍ ശങ്കര്‍ മോഹന്‍ ജാതി അധിക്ഷേപം നടത്തി എന്നതടക്കം ഗുരുതരമായ വിഷയങ്ങള്‍ ഉന്നയിച്ചാണ് വിദ്യാര്‍ഥികള്‍ ഡിസംബര്‍ 25 മുതല്‍ സമരം നടത്തുന്നത്. കെ ആര്‍ നാരായണന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ വിഷയത്തില്‍ പ്രതിഷേധങ്ങളും അഭിപ്രായങ്ങളുമായി സിനിമ സാമൂഹിക മേഖലയിലെ പ്രമുഖരും രംഗത്ത് വന്നിരുന്നു. ഇതിനിടെ സിപിഎമ്മും മുഖ്യമന്ത്രിയും അടൂരിനെ പുകഴ്ത്തി സംസാരിച്ചത് വിവാദങ്ങള്‍ക്ക് ഇടയാക്കി.
റിപ്പോര്‍ട്ട് വിദ്യാര്‍ഥികള്‍ക്ക് അനുകൂലം?: കെ ആര്‍ നാരായണന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്‌ടര്‍ക്കെതിരെ വിദ്യാര്‍ഥികളും ജീവനക്കാരും ഉന്നയിച്ച പരാതി അന്വേഷിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച അന്വേഷണ കമ്മിഷന്‍ മുഖ്യമന്ത്രിക്ക് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് നല്‍കിയിരുന്നു. മുന്‍ ചീഫ് സെക്രട്ടറി കെ ജയകുമാര്‍, മുന്‍ നിയമസഭ സെക്രട്ടറി എന്‍ കെ ജയകുമാര്‍ എന്നിവരടങ്ങുന്ന സമിതിയാണ് മുഖ്യമന്ത്രിക്ക് റിപ്പോര്‍ട്ട് നല്‍കിയത്. വിദ്യാര്‍ഥികളും ജീവനക്കാരും ഉന്നയിച്ച പരാതികളില്‍ കഴമ്പുണ്ടെന്ന് വ്യക്തമാക്കുന്ന റിപ്പോര്‍ട്ടാണ് രണ്ടംഗ സമിതി സര്‍ക്കാരിന് നല്‍കിയതെന്നാണ് സൂചന.
പ്രവേശനത്തില്‍ മെറിറ്റ് അട്ടിമറിച്ചെന്ന പരാതിയിലടക്കം വിദ്യാര്‍ഥികളുടെ ഭാഗം ശരിവച്ചുളള റിപ്പോര്‍ട്ടാണ് സര്‍ക്കാരിന് മുന്നിലെത്തിയതെന്നാണ് വിവരം. ഇതടക്കം കണക്കിലെടുത്താണ് റിപ്പോര്‍ട്ട് പുറത്ത് വരുമെന്ന ഘട്ടത്തില്‍ രാജി പ്രഖ്യാപനം എന്നാണ് സൂചന.