തിരുവനന്തപുരം: എസ്.ഡി.പി.ഐ തീവ്രവാദ സംഘടനയെന്ന് മുഖ്യമന്ത്രി. സംസ്ഥാനത്തെ മഹല്ല് കമ്മിറ്റികള്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരെ നടത്തുന്ന സമരപരിപാടികളില്‍ എസ്.ഡി.പി.ഐയെ പോലുള്ള തീവ്രവാദ സംഘടനകള്‍ കടന്നുകയറി പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാന്‍ ശ്രമിക്കുന്നുണ്ട് ഇത് സര്‍ക്കാരിന്‍റെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. ഇത്തരക്കാര്‍ക്കെതിരെ കര്‍ശന നടപടികളായിരിക്കും സ്വീകരിക്കുക.
അങ്കമാലിയിൽ മഹല്ല് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തിയവർക്കെതിരെ കേസെടുത്ത നടപടി സംബന്ധിച്ച് റോജി എം. ജോണ്‍ ചോദിച്ച ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. ജനങ്ങളെ ഭിന്നിപ്പിക്കാനും അക്രമം നടത്താനും ഏത് കൂട്ടർ ശ്രമിച്ചാലും അത് വെച്ചു പൊറുപ്പിക്കില്ലെന്നും ശക്തമായ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
എന്നാല്‍ പൗരത്വ നിയമ ഭേദഗതിക്കെതിരായി പ്രതിഷേധിക്കുന്നവർക്കെതിരെ കേസെടുക്കുന്നത് സർക്കാർ നയമല്ല. അത്തരം പ്രതിഷേധങ്ങളെ പ്രതികൂലമായി ബാധിക്കുന്ന ഒരു നടപടിയും സർക്കാരിന്‍റെ ഏജൻസികളുടെ ഭാഗത്ത് നിന്നും ഉണ്ടാകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
മുഖ്യമന്ത്രിയുടെ പ്രസ്താവനയെ തുടര്‍ന്ന് പ്രതിപക്ഷം സഭയില്‍ ബഹളം വെച്ചു.എസ്.ഡി.പി.ഐയെ പറയുമ്പോൾ പ്രതിപക്ഷത്തിന് കൊള്ളുന്നതെന്തിനെന്ന മറുപടിയോടെയാണ് മുഖ്യമന്ത്രി പ്രതിപക്ഷത്തിന്‍റെ ബഹളത്തോട് പ്രതികരിച്ചത്.
ഉത്തര്‍പ്രദേശിലെ നടപടികള്‍ കേരളത്തില്‍ ആവര്‍ത്തിക്കരുതെന്നും മുഖ്യമന്ത്രി സഭയെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കുകയാണെന്നും എസ്.ഡി.പി.ഐയെ പിന്തുണക്കേണ്ട കാര്യം തങ്ങൾക്കില്ലെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തിരിച്ചടിച്ചു.