തിരുവനന്തപുരം: ' രണ്ട് വർഷം വീട്ടില്‍ അടച്ചിരുന്ന് ഓൺലൈൻ പഠനം നടത്തിയ കുട്ടികൾ സ്‌കൂളിലെത്തി. കൂട്ടുകാർക്കൊപ്പം കളിച്ചും ചിരിച്ചും പഠനം ഉത്സവമാക്കാമെന്ന സന്തോഷത്തിലാണ് വിദ്യാർഥികൾ.
കൊവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ അടച്ച സ്കൂളുകൾ രണ്ട് വർഷത്തെ ഇടവേളക്ക് ശേഷം പൂർണതോതിൽ പ്രവർത്തനമാരംഭിച്ചു. പ്രവേശനോത്സവത്തിന്‍റെ പ്രതീതിയോടെയാണ് വിദ്യാർഥികൾ സ്കൂളുകളിലെത്തിയത്.
'സ്‌കൂളുകള്‍ നേരത്തെ തുറക്കേണ്ടതായിരുന്നു. അധ്യാപകരുടെ സാന്നിധ്യത്തില്‍ കണക്ക് പോലുള്ള വിഷയങ്ങളില്‍ പഠനം എളുപ്പമാണെന്നും വിദ്യാർഥികൾ പറയുന്നു'.
ഒന്ന് മുതൽ പന്ത്രണ്ട് വരെ ക്ലാസുകളിലെ മുഴുവൻ വിദ്യാർഥികളെയും ഉൾപ്പെടുത്തി വൈകിട്ട് വരെയാണ് സ്‌കൂളുകള്‍ പ്രവര്‍ത്തിക്കുക. കൊവിഡ് പശ്‌ചാത്തലത്തില്‍ വിദ്യാഭ്യാസ വകുപ്പിന്‍റെ നിര്‍ദേശമനുസരിച്ച് കനത്ത ജാഗ്രതയാണ് അധികൃതര്‍ പുലര്‍ത്തുന്നത്.
യൂണിഫോമും ഹാജറും നിർബന്ധമില്ലെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്. സ്കൂളിലെത്താൻ കഴിയാത്തവര്‍ക്കായി ഓൺലൈൻ ക്ലാസ് തുടരുമെന്നും വിദ്യാഭ്യാസ വകുപ്പ് അറിയിച്ചിട്ടുണ്ട്. സ്‌കൂള്‍ വരാന്തകളിലെ കളിയും ചിരിയുമായി കുട്ടികള്‍ പഠിക്കട്ടെ, തല്‍ക്കാലം കൊവിഡിനെ പടിക്ക് പുറത്ത് നിര്‍ത്താം.