തിരുവനന്തപുരം : സംസ്ഥാനത്ത് 21 മുതൽ സ്‌കൂളുകൾ പൂർണതോതിൽ പ്രവർത്തനം തുടങ്ങുന്ന പശ്ചാത്തലത്തില്‍ സുരക്ഷാ മാർഗനിർദേശങ്ങളുമായി പൊലീസ്. കുട്ടികളുടെ യാത്രയ്ക്ക് പരമാവധി സുരക്ഷ ഒരുക്കുമെന്ന് സംസ്ഥാന പൊലീസ് മേധാവി അനില്‍കാന്ത് അറിയിച്ചു. നിരത്തുകളിലെ തിരക്ക് നിയന്ത്രിക്കാൻ നടപടി സ്വീകരിക്കാന്‍ ജില്ല പൊലീസ് മേധാവിമാര്‍ക്ക് അനിൽകാന്ത് നിര്‍ദേശം നല്‍കി.
സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍മാര്‍ തങ്ങളുടെ പരിധിയിലുള്ള സ്‌കൂള്‍ മേധാവികളുടെ യോഗം ചേര്‍ന്ന് കുട്ടികളുടെ ആരോഗ്യവും സുരക്ഷയും ഉറപ്പാക്കണം. മോട്ടോര്‍ വാഹന വകുപ്പിന്‍റെ സഹകരണത്തോടെ സ്‌കൂൾ വാഹനങ്ങളുടെ സുരക്ഷാപരിശോധന നടത്തി ഉപയോഗയോഗ്യമാണെന്ന് ഉറപ്പാക്കാനും നിര്‍ദേശമുണ്ട്.
വാഹനങ്ങളുടെ അറ്റകുറ്റപ്പണികള്‍ ഉടൻ തീര്‍ക്കണം. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ വാടകയ്‌ക്കെടുക്കുന്ന സ്വകാര്യ വാഹനങ്ങളുടെ ഡ്രൈവര്‍മാര്‍ 10 വര്‍ഷത്തിലധികം പ്രവൃത്തിപരിചയം ഉള്ളവരായിരിക്കണം. മദ്യപിച്ചും അശ്രദ്ധമായും അമിതവേഗത്തിലും വാഹനം ഓടിച്ചതിന് നിയമ നടപടി നേരിട്ടവരെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഡ്രൈവര്‍മാരായി നിയോഗിക്കാന്‍ പാടില്ല. കുട്ടികളെ സ്‌കൂളിലെത്തിക്കുന്ന ഒമ്‌നി വാഹനങ്ങള്‍ ഉള്‍പ്പടെയുളളവയ്ക്ക് വേഗനിയന്ത്രണ സംവിധാനം ഉണ്ടാകണമെന്നും ഡിജിപി നിർദേശിച്ചു.
Also Read: സംസ്ഥാനത്തെ സ്‌കൂളുകളില്‍ ഉച്ചഭക്ഷണ വിതരണം പുനരാരംഭിക്കുന്നു
കുട്ടികളെ കയറ്റാനും ഇറക്കാനും വാതിലുകളില്‍ സഹായികള്‍ ഉണ്ടാകണം. വാഹനങ്ങളില്‍ കുട്ടികളെ കുത്തിനിറച്ച് കൊണ്ടുപോകാന്‍ അനുവദിക്കില്ല. കുട്ടികളെ സ്‌കൂളിലെത്തിക്കാന്‍ രക്ഷാകര്‍ത്താക്കള്‍ ഏര്‍പ്പെടുത്തുന്ന വാഹനങ്ങളുടെ സുരക്ഷാപരിശോധന നടത്തും.
കുട്ടികളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കുന്നതിന് സ്‌കൂള്‍ സേഫ്റ്റി ഓഫിസറായി ഒരു അധ്യാപകനെ നിയോഗിക്കാന്‍ സ്‌കൂളുകള്‍ക്ക് നിര്‍ദേശം നല്‍കും. സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍മാര്‍ തങ്ങളുടെ അധികാര പരിധിയിലെ എല്ലാ വിദ്യാലയങ്ങളും സന്ദര്‍ശിച്ച് ഗതാഗത സംവിധാനം കുറ്റമറ്റതാണെന്ന് ഉറപ്പാക്കും. ഈ പ്രവർത്തനങ്ങൾ ജില്ല പൊലീസ് മേധാവിമാർ ദിവസേന വിലയിരുത്താനും നിർദേശിച്ചിട്ടുണ്ട്.