തിരുവനന്തപുരം : വി. ശിവൻകുട്ടി മന്ത്രിസ്ഥാനം രാജിവയ്‌ക്കേണ്ടതില്ലെന്ന് സിപിഎം സംസ്ഥാന ആക്ടിങ് സെക്രട്ടറി എ. വിജയരാഘവൻ. മന്ത്രിക്കെതിരെ നിയമപരമായ നടപടി ഉണ്ടായിട്ടില്ല.
ഇവിടെ കേസ് വിചാരണയ്ക്ക് എടുക്കുന്നത് സംബന്ധിച്ചാണ് കോടതി വിധി. കേസ് വിചാരണയ്ക്ക് എടുത്ത് തീരുമാനം വരുമ്പോഴാണ് മറ്റ് കാര്യങ്ങൾ ആലോചിക്കേണ്ടത്. ഇപ്പോഴുണ്ടായത് നിയമപരമായ വിഷയമാണ്. ധാർമികമല്ല.
ഇന്ത്യയിൽ പല മന്ത്രിമാരും വിചാരണ നേരിട്ടിട്ടുണ്ട്. കോടതി വിധി സർക്കാരിന് തിരിച്ചടിയല്ല. മന്ത്രി രാജിവയ്ക്കണമെന്ന യുഡിഎഫ് ആവശ്യം തെരഞ്ഞെടുപ്പ് തോൽവിയിലെ നിരാശ കൊണ്ടാണ്.ഐഎൻഎൽ വിഷയം ഇടതുമുന്നണി ചർച്ച ചെയ്‌തിട്ടില്ലെന്നും വിജയരാഘവൻ പറഞ്ഞു.
READ MORE: 'രണ്ടര ലക്ഷത്തിന്‍റെ പൊതുമുതല്‍ നശിപ്പിച്ചു'; ഇതാണ് നിയമസഭ കയ്യാങ്കളി കേസ്
നിയമസഭ കയ്യാങ്കളി കേസ് പിൻവലിക്കണമെന്ന സർക്കാർ ഹർജി സുപ്രീം കോടതി തള്ളുകയായിരുന്നു. നിലവിലെ മന്ത്രി വി.ശിവൻകുട്ടി ഉൾപ്പെടെ ആറ് പ്രതികളും വിചാരണ നേരിടണമെന്നും വ്യക്തമാക്കി.
കേസ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ഹര്‍ജിയില്‍ ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബഞ്ചിന്‍റെ വിധിപ്രസ്‌താവത്തിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനമാണുണ്ടായത്.