തിരുവനന്തപുരം : സംസ്ഥാനത്തെ എല്ലാ സർവകലാശാലകൾക്കും വിദൂര വിദ്യാഭ്യാസ കോഴ്‌സുകൾക്ക് അനുമതി നൽകിയ സർക്കാർ ഉത്തരവിനെതിരെ സേവ് യൂണിവേഴ്‌സിറ്റി ക്യാമ്പയിൻ കമ്മിറ്റി കോടതിയിലേക്ക്. ഉത്തരവ് നിയമ വിരുദ്ധമാണെന്നും നിലവിലെ ശ്രീനാരായണ ഗുരു ഓപ്പൺ യൂണിവേഴ്‌സിറ്റി നിയമം ഭേദഗതി ചെയ്യണമെന്നും സംഘടന ചൂണ്ടിക്കാട്ടുന്നു.
മറ്റ് സർവകലാശാലകളില്‍ വിദൂര വിദ്യാഭ്യാസ കോഴ്‌സുകളും പ്രൈവറ്റ് രജിസ്ട്രേഷനും വിലക്കിക്കൊണ്ടുള്ള നിയമം നിലനിൽക്കെ, നിയമ പ്രാബല്യമില്ലാതെ കോഴ്‌സുകൾ പുനരാംഭിച്ചാൽ അത് വിദ്യാർഥികളുടെ ഭാവിയെ ബാധിക്കുമെന്ന് സേവ് യൂണിവേഴ്‌സിറ്റി ക്യാമ്പയിൻ കമ്മിറ്റി ചെയർമാൻ ആർ.എസ് ശശികുമാർ പറഞ്ഞു.
READ MORE: മറ്റ് സര്‍വകലാശാലകള്‍ക്കും വിദൂര വിദ്യാഭ്യാസ കോഴ്‌സുകള്‍ നടത്താമെന്ന് മന്ത്രി ആര്‍ ബിന്ദു
ശ്രീനാരായണ ഗുരു ഓപ്പൺ യൂണിവേഴ്‌സിറ്റിയിൽ വിദൂര വിദ്യാഭ്യാസ കോഴ്‌സുകൾ ആരംഭിക്കും വരെ മറ്റ് സർവകലാശാലകൾക്ക് കോഴ്‌സ് നടത്തുന്നതിന് അനുമതി നൽകിയുള്ള സർക്കാർ ഉത്തരവ് വിവാദമായിട്ടുണ്ട്.
നിയമസഭ പാസാക്കിയ നിയമത്തെ മറികടന്നുള്ള ഉത്തരവ് നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷം കഴിഞ്ഞ ദിവസം പ്രതിഷേധം ഉയർത്തിയിരുന്നു. അതേസമയം നിയമം ഭേദഗതി ചെയ്യേണ്ടതില്ല എന്ന നിലപാടിലാണ് സർക്കാർ.