തിരുവനന്തപുരം: കെ. റയിൽ സർവേ കല്ലുകള്‍ പിഴുതെറിയുക തന്നെ ചെയ്യുമെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശൻ. അതുമൂലമുണ്ടാകുന്ന നിയമ പ്രശ്‌നങ്ങൾ എല്ലാം നേരിടാൻ യുഡിഎഫ് തയ്യാറാണ്. ഈ കാര്യത്തിൽ ഒരു വിട്ടുവീഴ്‌ചക്കും തയ്യാറല്ലെന്നും സതീശൻ പറഞ്ഞു.
പദ്ധതി സംബന്ധിച്ച് പ്രതിപക്ഷം ഉന്നയിച്ച ആക്ഷേപങ്ങൾക്കും ആരോപണങ്ങൾക്കും ഇതുവരെ സർക്കാർ മറുപടി നൽകിയിട്ടില്ല. കേരളത്തിലെ മണ്ണിന് ബലക്ഷയമുണ്ടെന്ന് ഡി.പി.ആറിൽ പറയുന്നുണ്ട്. ഇത് പറഞ്ഞ തന്നെ ട്രോൾ ഉണ്ടാക്കി ആക്ഷേപിക്കുകയാണ് ചെയ്‌തതെന്ന് സതീശൻ വിമർശിച്ചു.
യു.ഡി.എഫ് നേതാക്കള്‍ ജനങ്ങൾക്കിടയിലേക്ക് ഇറങ്ങി സംസാരിക്കാൻ തുടങ്ങിയപ്പോളാണ് മുഖമന്ത്രിയും ജനങ്ങൾക്കിടയിലേക്ക് ഇറങ്ങാൻ തീരുമാനിച്ചത്. യു.ഡി.എഫിലെ ഘടകക്ഷികളെ പ്രതീക്ഷിച്ചുള്ള വെള്ളം ഇ.പി.ജയരാജൻ തിളപ്പിക്കേണ്ട. ഒരു ടീമായാണ് യു.ഡി.എഫ് പ്രവർത്തനം നടത്തുന്നതെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു.
പ്രശ്‌നങ്ങൾ എൽ.ഡി.എഫിലാണ്. എല്ലാ ഘടകക്ഷികള്‍ക്കും എതിർപ്പുണ്ട്. ഇ.പി. അവിടത്തെ പ്രശ്‌നങ്ങൾ പരിഹരിക്കുകയാണ് ചെയ്യേണ്ടത്. കൊമ്പുകുലുക്കിയുള്ള വരവ് ജയരാജൻ അറിയിച്ചതാണ് പ്രസ്‌താവനയെന്നും സതീശൻ പരിഹസിച്ചു.
ബസ് ചാർജ് വർധനവിലെ അപാകത മൂലം സാധാരണക്കാർ ദുരിതത്തിലാകുകയാണെന്നും, ഈ അപാകത പരിഹരിക്കാൻ സർക്കാർ ഉടൻ ഇടപെടണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു