തിരുവനന്തപുരം : എസ്എടി ആശുപത്രിയിൽ കുടുംബശ്രീ പ്രവർത്തകരുടെ നിയമനവുമായി ബന്ധപ്പെട്ട് പുറത്തുവന്ന കത്ത് താൻ തയ്യാറാക്കിയതാണെന്ന് നഗരസഭയിലെ സിപിഎം പാർലമെൻ്ററി പാർട്ടി നേതാവ് ഡിആർ അനിൽ. എന്നാൽ, ഈ കത്ത് ജില്ല സെക്രട്ടറി ആനാവൂർ നാഗപ്പന് കൈമാറിയിട്ടില്ല. ആശുപത്രിയിൽ എത്തുന്നവർക്ക് സഹായകരമായ കാത്തിരിപ്പ് കേന്ദ്രം പ്രവർത്തന സജ്ജമാക്കുന്നതിനാണ് നിയമനം നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.
ALSO READ| മേയര്‍ കത്തെഴുതിയ സംഭവത്തില്‍ ക്രൈം ബ്രാഞ്ച് അന്വേഷണം
ഇതിനായി കുടുംബശ്രീയെ സമീപിച്ചിട്ടുണ്ട്. വേഗത്തിൽ നിയമനം നടത്താനാണ് ജില്ല സെക്രട്ടറിക്ക് കൂടി കത്ത് തയ്യാറാക്കിയത്. എന്നാൽ, ഇത്തരം കത്ത് നൽകുന്നത് ശരിയായ നിലപാടല്ലെന്ന് ബോധ്യമായതിനാലാണ് നൽകാതിരുന്നത്. പിൻവാതിൽ നിയമനം പാർട്ടിയുടെ നിലപാടല്ല. ഈ കത്ത് എങ്ങനെ പുറത്തുവന്നുവെന്നത് സംബന്ധിച്ച് പൊലീസ് അന്വേഷിക്കുന്നുണ്ട്.
ഈ അന്വേഷണത്തിൽ എല്ലാം പുറത്തുവരും. മേയറുടെ പേരിലുള്ള കത്ത് വ്യാജമാണ്. ഇതിന് പിന്നിൽ പ്രവർത്തിച്ചവരെ നിയമത്തിനുമുന്നിൽ എത്തിക്കുമെന്നും ഡിആർ അനിൽ പറഞ്ഞു.