തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള തിരക്കിട്ട നീക്കങ്ങളിലേക്ക് കടന്ന് സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വം. ആദ്യ പടിയായി ഘടകകക്ഷി നേതാക്കളുമായി സീറ്റ് വിഭജനം സംബന്ധിച്ച അനൗദ്യോഗിക ചര്‍ച്ചകള്‍ ആരംഭിച്ചതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അറിയിച്ചു. സീറ്റ് വിഭജനം വേഗത്തിലാക്കണം എന്ന് ഘടക കക്ഷി നേതാക്കള്‍ ആവശ്യപ്പെട്ടുവെന്ന മാദ്ധ്യമ വാര്‍ത്തകള്‍ തെറ്റാണെന്ന് അദ്ദേഹം വ്യക്തമാക്കി. ജനവികാരം പൂര്‍ണമായി ഉള്‍ക്കൊള്ളുന്ന പ്രകടനപത്രിക തയാറാക്കാനാണ് തീരുമാനം. പ്രകടന പത്രികയില്‍ ഉള്‍പ്പെടുത്തേണ്ട കാര്യങ്ങള്‍ വിദ്യാര്‍ഥികള്‍, യുവാക്കള്‍ മറ്റ് ജനവിഭാഗങ്ങള്‍, യുഡിഎഫ് ഘടക കക്ഷി നേതാക്കള്‍ എന്നിവരുമായി ചര്‍ച്ച ചെയ്യാന്‍ തെരഞ്ഞെടുപ്പ് മേല്‍നോട്ട സമിതി അംഗം കൂടിയായ ശശി തരൂരിനെ ചുമതലപ്പെടുത്തി.
രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ടിന്‍റെ നേതൃത്വത്തില്‍ ഇന്ന് രാവിലെ തെരഞ്ഞെടുപ്പ് മേല്‍നോട്ട സമിതി യോഗം ചേര്‍ന്നാണ് നിര്‍ണായക തീരുമാനങ്ങളിലേക്ക് കടന്നത്. അശോക് ഗെഹ്‌ലോട്ടിനു പുറമെ കേരളത്തിന്‍റെ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍, മുന്‍ഗോവ മുഖ്യമന്ത്രി ലൂസീഞ്ഞോ ഫെലിറോ, കര്‍ണാടക മുന്‍ പി.സി.സി അദ്ധ്യക്ഷന്‍ ജി.പരമേശ്വര എന്നിവരും ഇന്നത്തെ യോഗത്തില്‍ പങ്കെടുത്തു.