തിരുവനന്തപുരം: സ്വാമി സന്ദീപാനന്ദഗിരിയുടെ കുണ്ടമൺകടവിലെ ആശ്രമം കത്തിച്ച കേസിൽ പിടിയിലായ രണ്ടാം പ്രതി കൃഷ്‌ണകുമാറിന് ഉപാധികളോടെ ജാമ്യം. തിരുവനന്തപുരം അഡീ. ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. ആദ്യത്തെ 30 ദിവസം എല്ലാ തിങ്കളാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥന് മുൻപിൽ ഹാജരാകണം.
50,000 രൂപയുടെ ജാമ്യം, കേസ് അട്ടിമറിക്കാൻ ശ്രമിക്കരുത്, സാക്ഷികളെ സ്വാധീനിക്കാൻ പാടില്ല എന്നീ വ്യവസ്ഥകളോടെയാണ് ജാമ്യം അനുവദിച്ചത്. കാട്ടാക്കട പൊലീസ് മറ്റൊരു കേസിൽ അറസ്റ്റ് ചെയ്‌ത് റിമാൻഡിൽ കഴിയുമ്പോഴാണ് ഫെബ്രുവരി 21ന് പ്രതിയെ ജയിലിൽ വച്ച് അറസ്റ്റ് ചെയ്യുന്നത്. തുടർന്ന് പ്രതിയെ അന്വേഷണ സംഘം പോലീസ് കസ്റ്റഡിയിൽ വാങ്ങിയിരുന്നു. ഇപ്പോൾ പ്രതി ജുഡീഷ്യൽ കസ്റ്റഡിയിലാണ്.
റീത്ത് വച്ചത് കൃഷ്‌ണകുമാറെന്ന് ക്രൈംബ്രാഞ്ച്: ഒക്ടോബർ 27നാണ് സന്ദീപാനന്ദഗിരിയുടെ ആശ്രമത്തിന് തീയിട്ടത്. ആശ്രമത്തിൽ റീത്ത് വച്ചത് കൃഷ്ണകുമാറാണെന്നാണ് ക്രൈംബ്രാഞ്ചിന്‍റെ കണ്ടെത്തൽ. ഇതേ തുടർന്നാണ് അറസ്റ്റ്. കേസിലെ ഒന്നാം പ്രതി മരണപ്പെട്ടു.
സന്ദീപാനന്ദ ഗിരിയുടെ ആശ്രമം കത്തിച്ചത് ഏറെ കോളിളക്കം സൃഷ്‌ടിച്ച സംഭവമായിരുന്നു. കത്തിക്കല്‍ നടന്ന് 4 വര്‍ഷങ്ങള്‍ക്ക് ശേഷം ഏറെ വിവാദമായ വെളിപ്പെടുത്തല്‍ നടന്നിരുന്നു. ആര്‍എസ്എസ് അംഗമായ പ്രകാശും കൂട്ടരും ചേര്‍ന്നാണ് ആശ്രമത്തിന് തീയിട്ടതെന്ന് പ്രകാശിന്‍റെ സഹോദരന്‍ പ്രശാന്ത് ആരോപിച്ചിരുന്നു. ഈ ആരോപണം നടത്തിയത് ഒരു സ്വകാര്യ ചാനലിനോട് ആയിരുന്നു.
കഴിഞ്ഞ വര്‍ഷം ജനുവരിയിലാണ് പ്രകാശ് ആത്‌മഹത്യ ചെയ്‌തത്. പ്രശാന്തിന്‍റെ വെളിപ്പെടുത്തലിന് പിന്നാലെ അദ്ദേഹത്തിന്‍റെ മൊഴി ക്രൈംബ്രാഞ്ച് രേഖപ്പെടുത്തി. പ്രാകാശ് മരിക്കുന്നതിന് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് തന്നോട് ഈ കാര്യങ്ങള്‍ വെളിപ്പെടുത്തുന്നത് എന്നാണ് പ്രശാന്ത് പറഞ്ഞത്. പ്രകാശിനെ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ മര്‍ദിച്ചിരുന്നതായും പ്രശാന്ത് ആരോപിച്ചു.
ആശ്രമത്തിന് തീ വച്ചത് സന്ദീപാനന്ദ ഗിരിയോടുള്ള വിരോധമെന്ന് ക്രൈംബ്രാഞ്ച്: തിരുവനന്തപുരം കുണ്ടമണ്‍ കടവിലുള്ള സന്ദീപാനന്ദഗിരിയുടെ ആശ്രമത്തിന് തീ പിടിക്കുന്നത് 2018 ഒക്‌ടോബര്‍ 27നാണ്. ശബരിമലയില്‍ സ്‌ത്രീ പ്രവേശനം അനുവദിച്ച് കൊണ്ടുള്ള സുപ്രീംകോടതി വിധിയെ തുടര്‍ന്നുണ്ടായ പ്രക്ഷോഭം സംസ്ഥാനത്ത് കത്തി നില്‍ക്കുമ്പോഴായിരുന്നു സംഭവം. ശബരിമലയില്‍ സ്‌ത്രീ പ്രവേശനത്തിന് അനുകൂലമായ നിലപാടായിരുന്നു സന്ദീപാനന്ദ ഗിരി സ്വീകരിച്ചിരുന്നത്.
ആര്‍എസ്എസ് പ്രവര്‍ത്തകന്‍ കൃഷ്‌ണകുമാറിനെ ക്രൈംബ്രാഞ്ച് അറസ്‌റ്റ് ചെയ്യുന്നത് ഫെബ്രുവരി 21നാണ്. പ്രകാശ് ആണ് സന്ദീപാനന്ദ ഗിരിയുടെ ആശ്രമത്തിന് തീയിട്ടത് എന്ന നിഗമനത്തില്‍ ഉറച്ച് നില്‍ക്കുകയാണ് ക്രൈംബ്രാഞ്ച്. ആശ്രമം കത്തിച്ചതിന് പിന്നില്‍ ആര്‍എസ്എസ് ആണെന്നും ക്രൈംബ്രാഞ്ച് പറയുന്നു. ആശ്രമത്തിന് തീ വെക്കാനായി വന്ന ബൈക്ക് ഇവര്‍ പൊളിച്ച് മാറ്റിയതിന്‍റെ തെളിവ് ലഭിച്ചു എന്ന് ക്രൈംബ്രാഞ്ച് പറയുന്നു. സന്ദീപാനന്ദ ഗിരി ശബരിമല സ്‌ത്രീ പ്രവേശ വിഷയത്തില്‍ സ്വീകരിച്ച നിലപാടിനോടുള്ള വൈരാഗ്യം കാരണമാണ് ആര്‍എസ്എസുകാര്‍ ആശ്രമത്തിന് തീ വച്ചത് എന്നും ക്രൈംബ്രാഞ്ച് പറയുന്നു. പ്രകാശിന്‍റെ ആത്‌മഹത്യ കേസില്‍ റിമാന്‍ഡിലായിരുന്നു കൃഷ്‌ണകുമാര്‍.