തിരുവനന്തപുരം: നെയ്യാറ്റിൻകര മാരായമുട്ടത്ത് അമ്മയും മകളും ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതികളായ ചന്ദ്രനെയും കാശിനാഥനെയും പൊലീസ് കസ്റ്റഡിയിൽ വാങ്ങി. സംഭവത്തിൽ കൂടുതൽ ചോദ്യം ചെയ്യുന്നതിനും മന്ത്രവാദി ഉൾപ്പെടെയുള്ളവരെ കണ്ടെത്തുന്നതിനുമാണ് പ്രതികളെ കസ്റ്റഡിയിൽ വേണമെന്നാവശ്യപ്പെട്ട് അന്വേഷണ സംഘം കോടതിയെ സമീപിച്ചത്. നെയ്യാറ്റിൻകര കോടതിയിൽ നിന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ പ്രതികളെ കസ്റ്റഡിയിൽ വാങ്ങിയത്. ഈ മാസം 22ാം തീയതി 11 മണി വരെയാണ് പ്രതികളെ പൊലീസ് കസ്റ്റഡിയിൽ വിട്ടു കൊടുത്തത്.
കഴിഞ്ഞ 14നാണ് മാരായമുട്ടം മലയിൽകടയിൽ ചന്ദ്രന്‍റെ ഭാര്യ ലേഖയും മകൾ വൈഷ്ണവിയും തീകൊളുത്തി ആത്മഹത്യ ചെയ്തത്. ബാങ്കിൽ നിന്നെടുത്ത തുക തിരിച്ചടക്കാൻ കഴിയാത്തതിനെ തുടർന്നാണ് ആത്മഹത്യ ചെയ്തതെന്നാണ് ആദ്യം വാർത്തകൾ പുറത്തുവന്നത്. ഇതിനുപുറമെ ഭർത്താവ് ചന്ദ്രന്റയും ഭർതൃമാതാവ് കൃഷ്ണമ്മയുടെയും സഹോദരി ശാന്ത, ശാന്തയുടെ ഭർത്താവ് കാശിനാഥൻ എന്നിവരുടെ നിരന്തര പീഡനത്തെ തുടർന്നാണ് ആത്മഹത്യ ചെയ്യുന്നതെന്ന് കുറിപ്പ് ലഭിച്ചതോടുകൂടി സ്ഥിതിഗതികൾ മാറി മറിയുകയായിരുന്നു.
പത്തു വർഷത്തിന് മുമ്പ് നെയ്യാറ്റിൻകര കാനറാ ബാങ്കിൽ നിന്ന് അഞ്ച് ലക്ഷം രൂപ വായ്പയെടുത്ത കുടുംബം എട്ട് ലക്ഷം രൂപ ഇതിനോടകം തിരികെ അടച്ചിരുന്നു. എന്നാൽ ബാക്കി തുകയായ 6,80010 അടച്ചില്ലെങ്കിൽ ജപ്തി നടപടികൾ നേരിടുമെന്ന അവസ്ഥയിലായിരുന്നു കുടുംബം. വീട് വിറ്റ് പണമടയ്ക്കാനുള്ള നിലപാടിനെ പ്രതികൾ എതിർത്തിരുന്നെന്നും വീടിന്‍റെ പുറകിലുള്ള ആൽത്തറയിലെ ദൈവങ്ങൾ തങ്ങളുടെ കടത്തിന് പരിഹാരം കണ്ടെത്തി നൽകുമെന്നുമായിരുന്നു പ്രതികളുടെ നിലപാട്. ഇതിലേക്കായി മന്ത്രവാദം ഉൾപ്പെടെയുള്ള ചില ആഭിചാര കർമ്മങ്ങൾ ഇവിടെ നടത്തി വന്നിരുന്നതായും പൊലീസ് കണ്ടെത്തി. ഒരു ഗ്രാമത്തെ ഒന്നാകെ പിടിച്ചുകുലുക്കിയ സംഭവമായിരുന്നു 14ാം തീയതി വൈകിട്ട് നെയ്യാറ്റിൻകരയിൽ അരങ്ങേറിയത്. വെള്ളറട സിഐ ബിജു പി നായരുടെ നേത്യത്വത്തിലുള്ള അന്വേഷണസംഘം മന്ത്രവാദത്തെ കുറിച്ചും അന്വേഷിക്കുകയാണ്.