തിരുവനന്തപുരം: കൊവിഡ് മൂലമുള്ള സാമ്പത്തിക പ്രതിസന്ധി നേരിടുന്നതിന് സർക്കാർ ജീവനക്കാരുടെ ശമ്പളം ആറുമാസം കൂടി പിടിക്കാനുള്ള നിർദേശം നടപ്പാക്കേണ്ടെന്ന് മന്ത്രിസഭാ യോഗം തീരുമാനിച്ചു. നേരത്തെ സാലറി കട്ടിന്‍റെ ഭാഗമായി പിടിച്ച ശമ്പളം പിഎഫിൽ ലയിപ്പിക്കും. ഒരുമാസത്തെ ശമ്പളമാണ് സർക്കാർ ജീവനക്കാരിൽ നിന്ന് പിടിച്ചത്. സാലറി കട്ട് തുടരാനുള്ള ധനവകുപ്പിൻ്റെ തീരുമാനത്തിനെതിരെ ഇടത് അനുകൂല സർവീസ് സംഘടനകൾ അടക്കം രംഗത്തുവന്നിരുന്നു. വിവിധ സംഘടനകളുമായി ധനകാര്യ മന്ത്രി അടക്കം ചർച്ചകൾ നടത്തിയെങ്കിലും സമവായത്തിൽ എത്തിയിരുന്നില്ല. ഇതേ തുടർന്നാണ് മന്ത്രിസഭ യോഗം സാലറി കട്ട് ഒഴിവാക്കാൻ തീരുമാനിച്ചത്.
കൂടുതൽ വായിക്കുക: കര്‍ഷകര്‍ക്ക് ആശ്വാസമായി കേരളം; പച്ചക്കറികള്‍ക്ക് തറവില പ്രഖ്യാപിക്കും
ഇത് കൂടാതെ മുന്നോക്കക്കാരിലെ പിന്നാക്കക്കാർക്ക് സംവരണം നൽകുന്നത് സംബന്ധിച്ച് പിഎസ്‌സി നിർദേശിച്ച ഭേദഗതികൾ മന്ത്രിസഭ അംഗീകരിച്ചു. ഇതോടെ മുന്നോക്കക്കാരിലെ പിന്നാക്കക്കാര്‍ക്ക് 10 ശതമാനം സംവരണം എന്ന പ്രഖ്യാപനം യാഥാർഥ്യമാകും. സർക്കാർ നിയമനങ്ങളിൽ അടക്കം ഈ സംവരണം നിലവിൽ വരും.