തിരുവനന്തപുരം: സജി ചെറിയാൻ മന്ത്രിസ്ഥാനത്തേക്ക് മടങ്ങിയെത്തുമെന്ന സൂചന നൽകി സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. സജി ചെറിയാനെതിരെ കേസുകളൊന്നും നിലവിലില്ല. കേസ് വന്നതുകൊണ്ടോ കോടതി നിർദേശപ്രകാരമോ അല്ല സജി ചെറിയാൻ രാജിവച്ചത്. ഒരു വിഷയം വന്നപ്പോൾ അതിൽ പാർട്ടിയെടുത്ത നിലപാടിനെ തുടർന്നാണ് രാജിവെച്ചത്.
കോടതി ഇക്കാര്യത്തിൽ കൃത്യമായ തീരുമാനമെടുത്തിട്ടുണ്ട്. അതനുസരിച്ച് പാർട്ടിയും നിലപാടെടുക്കും. ഈ വിഷയം സംബന്ധിച്ച് നിലവിൽ ചർച്ച നടന്നിട്ടില്ല. കൂടുതൽ പരിശോധനയ്ക്കു ശേഷം ഉചിതമായ തീരുമാനം എടുക്കുമെന്നും ഗോവിന്ദൻ പറഞ്ഞു.