തിരുവനന്തപുരം : കഠിനമായ പ്രതിസന്ധിയുടെ ചുഴിയിലകപ്പെട്ട മന്ത്രി സജി ചെറിയാന്‍റെ രാജി തൽക്കാലമില്ലെന്ന് ഇന്ന് (06.07.2022) ചേര്‍ന്ന സിപിഎം സെക്രട്ടേറിയറ്റ് യോഗം തീരുമാനമെടുത്തെങ്കിലും പ്രശ്‌നത്തിന് ശാശ്വത പരിഹാരമാകുന്നില്ല. വിഷയം കേവലമായ നാവുപിഴയെന്ന് ഒതുക്കി തലയൂരാന്‍ സിപിഎം തുടക്കത്തിലേ ശ്രമിക്കുകയാണെങ്കിലും സജി ചെറിയാന്‍ സൃഷ്‌ടിച്ച പ്രതിസന്ധിയുടെ ആഴം അനുനിമിഷം വര്‍ധിക്കുകയാണ്. പ്രതിസന്ധിക്ക് പരിഹാരം തേടി ഇന്ന് അടിയന്തര സിപിഎം സെക്രട്ടേറിയറ്റ് യോഗം ചേര്‍ന്ന ശേഷം, വിവാദ നായകനായ സജി ചെറിയാനൊഴികെ മറ്റാരും ഒരക്ഷരം ഉരിയാടാന്‍ തയ്യാറായില്ല.
ഔദ്യോഗിക വാര്‍ത്താക്കുറിപ്പും പുറത്തുവന്നില്ല. എന്നാല്‍, രാജിയെന്തിനെന്നായിരുന്നു സജി ചെറിയാന്‍റെ പ്രതികരണം. എല്ലാ കാര്യങ്ങളും ഇന്നലെ വിശദീകരിച്ചുവെന്നാണ് അദ്ദേഹത്തിന്‍റെ നിലപാട്. ഞായറാഴ്‌ച(03.07.2022) പത്തനംതിട്ട മല്ലപ്പള്ളിയില്‍ സംഘടിപ്പിച്ച സെമിനാറില്‍ സജി ചെറിയാന്‍ നടത്തിയ പ്രസംഗം ഏരിയ കമ്മിറ്റിയുടെ ഔദ്യോഗിക ഫേസ്‌ബുക്ക് പേജിലൂടെ പുറത്തുവന്ന ശേഷമാണ് ഇത് മാധ്യമങ്ങളില്‍ വാര്‍ത്തയാകുന്നത്. ഇത് ഫേസ്‌ബുക്കില്‍ നല്‍കിയതിനെ ചൊല്ലി പാര്‍ട്ടിക്കുള്ളിലും വിവാദം ആരംഭിച്ചുകഴിഞ്ഞു.സമ്പൂര്‍ണ ബജറ്റ് പാസാക്കുന്നതിനുള്ള നിയമസഭ സമ്മേളനം നടക്കുന്ന അവസരത്തില്‍ ഉയര്‍ന്ന ഈ വിവാദം പ്രതിപക്ഷത്തിന് വീണുകിട്ടിയ ആയുധവുമായി.
ഇന്ന് വെറും 8 മിനിട്ടിനുള്ളില്‍ സഭ നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി പിരിയുന്ന നിലയിലേക്ക് പ്രതിപക്ഷ പ്രതിഷേധമുയര്‍ന്നു. മന്ത്രിയായി തുടരുന്ന സജി ചെറിയാന്‍ നാളെ സഭയിലെത്തിയാലും എത്തിയില്ലെങ്കിലും ഇന്നത്തേതിന്‍റെ തനിയാവര്‍ത്തനം തന്നെയാകും തുടര്‍ന്നുള്ള ദിവസങ്ങളിലും സംഭവിക്കുകയെന്നത് വ്യക്തമാണ്. സഭാസമ്മേളനം ജൂലൈ 23 വരെയുണ്ട്.
തുടര്‍ നടപടികളെക്കുറിച്ച് പ്രതിപക്ഷ നേതാക്കള്‍ അനൗദ്യോഗിക ആശയ വിനിമയം തുടങ്ങിക്കഴിഞ്ഞു. രാജിയില്‍ കുറഞ്ഞതൊന്നും വേണ്ടെന്ന നിലപാടിലാണ് പ്രതിപക്ഷം. അതേസമയം ഇടതുമുന്നണിയിലെ രണ്ടാമത്തെ ഘടകക്ഷിയായ സിപിഐ പ്രശ്‌നത്തില്‍ പ്രതിഷേധം അറിയിച്ചതായാണ് വിവരം. മറ്റൊരു ഘടക കക്ഷിയായ എല്‍ജെഡി സംസ്ഥാന അധ്യക്ഷന്‍ എം.വി ശ്രേയാംസ് കുമാര്‍ പ്രതിഷേധം പരസ്യമാക്കി.
ജനാധിപത്യവും മതേതരത്വവും കുന്തവും കുടച്ചക്രവും എന്ന തരത്തില്‍ സജി ചെറിയാന്‍ സംസാരിച്ചത് അംഗീകരിക്കാനാവുന്നതല്ലെന്ന് അദ്ദേഹം വ്യക്തമാക്കി. മാത്രമല്ല ഇതിലൂടെ ജനാധിപത്യം, മതേതരത്വം എന്നിവയെ ഉള്‍ക്കൊള്ളുന്നതില്‍ മന്ത്രിക്ക് വീഴ്‌ച പറ്റിയെന്ന കടുത്ത വിമര്‍ശനവും ശ്രേയാംസ് ഉന്നയിച്ചു. ദേശീയ തലത്തില്‍ ബിജെപിയും സംഘപരിവാറും ഭരണഘടനാമൂല്യങ്ങളെ ചവിട്ടിമെതിക്കുന്നതിനെതിരെ ശക്തമായ പ്രചാരണം നടത്തുന്ന പാര്‍ട്ടിയാണ് സിപിഎം.
സിപിഎമ്മിന് ഭരണമുള്ള ഏക സംസ്ഥാനത്തെ മന്ത്രി ഭരണഘടനയെ പുച്ഛിക്കുകയും അവഹേളിക്കുകയും ചെയ്‌ത നടപടി ദേശീയതലത്തിലും സിപിഎമ്മിന് തിരിച്ചടിയാണ്. ഭരണ ഘടനയ്‌ക്കെതിരെ ഒളിഞ്ഞും തെളിഞ്ഞും ആക്രമണങ്ങള്‍ ചില കേന്ദ്രങ്ങളില്‍ നിന്നുയരുമ്പോള്‍ ഇന്ത്യന്‍ പാര്‍ലമെന്‍റിലുള്‍പ്പടെ ഇതിനെതിരെ ശക്തമായ പ്രതിരോധം തീര്‍ക്കുന്ന ഇടതുപക്ഷത്തിന് ഇനി ഇത്തരം വിഷയങ്ങളുയര്‍ത്താന്‍ എന്ത് ധാര്‍മികതയാണെന്ന് ചോദ്യമുയര്‍ന്നാല്‍ പ്രതിരോധിക്കുക എളുപ്പമല്ലെന്നാണ് പാര്‍ട്ടി വിലയിരുത്തല്‍.
സ്വര്‍ണക്കടത്ത് പോലുള്ള യഥാര്‍ഥ വിഷയങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കാന്‍ സജി ചെറിയാന്‍ ഉള്‍പ്പടെയുള്ള ഇപ്പോഴത്തെ സംഭവങ്ങളിലൂടെ കഴിഞ്ഞുവെന്ന് സിപിഎം ഒരു വശത്ത് ആശ്വസിക്കുന്നുണ്ടെങ്കിലും ഇപ്പോള്‍ അകപ്പെട്ട പത്മ വ്യൂഹത്തില്‍ നിന്ന് പുറത്തുകടക്കുക എളുപ്പമല്ല.
മാത്രമല്ല, നീതി പീഠത്തില്‍ നിന്ന് പ്രതികൂല പരാമര്‍ശമുണ്ടായാല്‍ അത് സര്‍ക്കാരിനുണ്ടാക്കുന്ന നാണക്കേടും ചില്ലറയാകില്ല. ഇലയ്‌ക്കും മുള്ളിനും കേടില്ലാതെ പ്രശ്‌നം ഉടന്‍ എങ്ങനെ പരിഹരിക്കാനാകും എന്നതാകും സിപിഎമ്മിലെ ട്രബിള്‍ ഷൂട്ടര്‍മാരുടെ ആലോചന.