തിരുവനന്തപുരം : നഗരത്തില്‍ പൈപ്പ് പൊട്ടിയതിനെ തുടര്‍ന്ന് നിര്‍ത്തിയ ജലവിതരണം പുനസ്ഥാപിക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുന്നു. കഴിഞ്ഞ ദിവസം വെള്ളയമ്പലം കനക നഗറിലാണ് കേരള വാട്ടര്‍ അതോറിറ്റിയുടെ കുടിവെള്ള പൈപ്പ് ലൈനിന്‍റെ ജോയിന്‍റ് പൊട്ടിയത്. അരുവിക്കരയിലെ 72 എം.എല്‍.ഡി പ്ലാന്‍റില്‍ നിന്നും ഒബ്‌സര്‍വേറ്ററിയിലേക്ക് വെള്ളം എത്തിക്കുന്ന പ്രധാന ലൈനിലെ ജോയിന്‍റാണ് വിട്ടുപോയത്.
കനത്ത മഴയെ തുടര്‍ന്ന് ഈ ഭാഗത്തെ റോഡും സംരക്ഷണ ഭിത്തിയും തകര്‍ന്നിരുന്നു. ഇത് പുനര്‍നിര്‍മിക്കുന്നതിനായി ജെ.സി.ബി ഉപയോഗിച്ച് മണ്ണ് മാറ്റുന്നതിനിടയിലാണ് പൈപ്പ് ലൈനിന്‍റെ ജോയിന്‍റ് വിട്ടുപോയത്. ശക്തമായ അളവില്‍ ഇതോടെ ജലം പുറത്തേക്കൊഴുകി.
ALSO READ: ആരാണ് നിങ്ങള്‍, മതസംഘടനയോ രാഷ്ട്രീയ പാര്‍ട്ടിയോ? ലീഗിനെ കടുത്ത ഭാഷയില്‍ പരിഹസിച്ച് മുഖ്യമന്ത്രി
ശക്തമായ വെള്ളപ്പാച്ചിലിന്‍റെ ഫലമായി രണ്ട് ഇലക്ട്രിക് പോസ്റ്റുകള്‍ നിലംപൊത്തി. സമീപത്തെ വീടുകളിലും വെള്ളം കയറി. വലിയ രീതിയിലുള്ള ചെളിയും വീടുകളില്‍ ഒഴുകിയെത്തി. നിരവധി വാഹനങ്ങള്‍ക്കും കേടുപാടുണ്ടായിട്ടുണ്ട്. നാളെയോടെ പണി പൂര്‍ത്തിയാകുമെന്നാണ് കേരള വാട്ടര്‍ അതോറിറ്റി അറിയിച്ചിരിക്കുന്നത്. ഇതിനുശേഷം മാത്രമേ ജലവിതരണം പുനസ്ഥാപിക്കുകയുള്ളൂ.
വെളളയമ്പലം - ശാസ്തമംഗലം റോഡ്, കൊച്ചാര്‍ റോഡ്, ഇടപ്പഴഞ്ഞി, ഒബ്‌സര്‍വേറ്ററി ഹില്‍സ്, പാളയം, നിയമസഭ കോപ്ലക്‌സ്, നന്ദാവനം, വഴുതയ്ക്കാട്, തൈക്കാട്, വലിയശാല, ബേക്കറി, ഊറ്റുകുഴി, സെക്രട്ടേറിയറ്റ്, മാഞ്ഞാലിക്കുളം റോഡ്, ആയുര്‍വേദ കോളജ്, പുളിമൂട്, വഞ്ചിയൂര്‍, പേട്ട, ചാക്ക, പൂന്തി റോഡ്, വേളി, വെട്ടുകാട്, ശംഖുമുഖം, കരിക്കകം എന്നിവിടങ്ങളിലും പാളയം, പാറ്റൂര്‍ സെക്ഷനുകള്‍ക്ക് കീഴില്‍ വരുന്ന മുഴുവന്‍ സ്ഥലങ്ങളിലുമാണ് ജലവിതരണം മുടങ്ങിയത്.
മറിഞ്ഞുവീണ ഇലക്‌ട്രിക് പോസ്റ്റുകള്‍ പുനസ്ഥാപിക്കാനുള്ള നടപടികളും പുരോഗമിക്കുകയാണ്. നഗരസഭയുടെ ക്ലീനിങ് തൊഴിലാളികളുടെ നേതൃത്വത്തില്‍ വീടുകളിലും റോഡിലും അടിഞ്ഞ ചെളി നീക്കം ചെയ്തു.