തിരുവനന്തപുരം: സ്പീക്കർക്കെതിരെ വിമർശനവുമായി ആർ.എസ്.പി. നിയമസഭാ സ്പീക്കർ പി ശ്രീരാമകൃഷ്ണൻ പദവിയുടെ വില മനസിലാക്കി പെരുമാറുന്നില്ലയെന്ന് ആർ.എസ്.പി. മുഖ്യമന്ത്രിയുടെ മുന്നിൽ സ്പീക്കർ ഓച്ഛാനിച്ച് നിൽക്കുകയാണ്. മൂന്നേ മുക്കാൽ മണിക്കൂർ പ്രസംഗിച്ചിട്ടും മുഖ്യമന്ത്രിയെ നിയന്ത്രിക്കാൻ സ്പീക്കർ തയാറായില്ല. തനിക്കെതിരായ പ്രതിപക്ഷം പ്രമേയം സംബന്ധിച്ച കാര്യങ്ങൾ പറയുമ്പോൾ ചെയറിൽ നിന്ന് മാറി നിൽക്കാനുള്ള മര്യാദപോലും സ്പീക്കർ കാണിച്ചില്ലെന്നും എൻ.കെ.പ്രേമചന്ദ്രൻ എം.പി പറഞ്ഞു.
അവിശ്വാസ പ്രമേയത്തിൽ മുഖ്യമന്ത്രിയുടെ മണിക്കൂറുകൾ നീണ്ടു നിന്ന പ്രസംഗം വിടവാങ്ങൽ പ്രസംഗമാണ്. വിവാദ വിഷയങ്ങൾ സംബന്ധിച്ചോ പ്രതിപക്ഷ ആരോപണങ്ങളെ സംബന്ധിച്ചോ മുഖ്യമന്ത്രി ഒരു അക്ഷരം പോലും പ്രതികരിച്ചില്ല. ശിവശങ്കറിന്‍റെയോ വിവാദ സ്ത്രീയുടെയോ പേര് പറയാൻ പോലും മുഖ്യമന്ത്രി ഭയക്കുകയാണ്. ഈ നടപടിയിലൂടെ മുഖ്യമന്ത്രി പ്രതിപക്ഷത്തെയല്ല ജനങ്ങളെ അപമാനിക്കുകയാണെന്നും ആർ.എസ്.പി.നേതാക്കൾ വ്യക്തമാക്കി.