തിരുവനന്തപുരം: പാലക്കാട് ആംബുലൻസും മീൻ ലോറിയും കൂട്ടിയിടിച്ച് എട്ട് പേർ കൊല്ലപ്പെട്ട സംഭവത്തിന്‍റെ പശ്ചാത്തലത്തിൽ ആംബുലൻസ് ഡ്രൈവർമാർക്ക് പ്രത്യേക പരിശീലനം നൽകാൻ സർക്കാർ തീരുമാനിച്ചതായി ഗതാഗത മന്ത്രി എ കെ ശശീന്ദ്രൻ. റോഡ് സുരക്ഷാ വാരാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്കൂൾ വാഹനങ്ങളിൽ ജിപിഎസ് ഘടിപ്പിക്കാൻ നിർദേശം നൽകി ഒരു വർഷമായിട്ടും നടപ്പായിട്ടില്ലെന്നും മന്ത്രി പറഞ്ഞു.
ഇരുചക്രവാഹനങ്ങളിൽ നിയമങ്ങൾ പാലിക്കാതെ കുട്ടികൾ സ്കൂളിൽ വരുന്ന പ്രവണത ഏറിയിട്ടുണ്ട്. ഇത് പരിശോധിക്കാൻ ഓരോ സ്കൂളിലും ഒരു അധ്യാപകനെ ചുമതലപ്പെടുത്താൻ പൊതുവിദ്യാഭ്യാസ വകുപ്പ് നൽകിയ ശുപാർശ വിദ്യാഭ്യാസമന്ത്രി അംഗീകരിച്ചിട്ടുണ്ടെന്നും മന്ത്രി എ കെ ശശീന്ദ്രൻ വ്യക്തമാക്കി. റോഡ് സുരക്ഷാ വാരാഘോഷം വിദ്യാഭ്യാസമന്ത്രി സി രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു. ശങ്കർറെഡ്ഡി ഐപിഎസ് റോഡ് സുരക്ഷാ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു