തിരുവനന്തപുരം : കോളജ് വിദ്യാഭ്യാസ വകുപ്പിന് കീഴിലെ സർക്കാർ/എയ്‌ഡഡ് കോളജുകളിലെ അതിഥി അധ്യാപക നിയമനത്തിൽ (Guest Lecturer Appointment) എഴുപതു വയസ് വരെയുള്ള വിരമിച്ച അധ്യാപകരെയും പരിഗണിക്കാമെന്ന നിർദേശം പിൻവലിച്ച് ഉന്നതവിദ്യാഭ്യാസ വകുപ്പ് (Retired Teachers to be Guest Lecturers Order withdrawn). അതിഥി അധ്യാപക നിയമനം, യോഗ്യത, തെരഞ്ഞെടുപ്പ് രീതി, മറ്റു വ്യവസ്ഥകൾ എന്നിവയുടെ നവീകരിച്ച മാർഗ നിർദേശങ്ങൾ ഉൾപ്പെട്ട ഉത്തരവിലാണ് ഈ നിർദേശം ഉണ്ടായിരുന്നത്.
ഗസ്റ്റ് ലക്‌ചര്‍ ആയി വിരമിച്ച അധ്യാപകരെ പരിഗണിക്കാമെന്ന ഉത്തരവ് വന്നതിന് പിന്നാലെ ഇടതുപക്ഷ സംഘടനയായ ഡി വൈ എഫ് ഐ അടക്കമുള്ള സംഘടനകളും നിരവധി യുവാക്കളും പ്രതിഷേധം അറിയിച്ചിരുന്നു. പിന്നാലെയാണ് ഉത്തരവ് പിൻവലിക്കാൻ ഉന്നത വിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചത്. സര്‍ക്കാര്‍ ഉത്തരവ് യുവജന വിരുദ്ധമാണെന്നായിരുന്നു ഡിവൈഎഫ്ഐയുടെ നിലപാട്.
ഉന്നത വിദ്യാഭ്യാസ കൗൺസിൽ പുനഃസംഘടിപ്പിച്ചു : എംജി സർവകലാശാല മുൻ ചാൻസലർ ഡോക്‌ടർ രാജൻ ഗുരുക്കൾ വൈസ് ചെയർമാനും ഡോക്‌ടർ രാജൻ വർഗീസ് മെമ്പർ സെക്രട്ടറിയുമായി സംസ്ഥാനം ഉന്നത വിദ്യാഭ്യാസ കൗൺസിൽ പുനഃസംഘടിപ്പിച്ചു. ഇത് രണ്ടാം തവണയാണ് ഇരുവരും കൗൺസിലിൽ അംഗമാകുന്നത്. ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദുവാണ് കൗൺസിലിന്‍റെ അധ്യക്ഷ.
നേരത്തെ ഗസ്റ്റ് ലക്‌ചർമാരെ നിയമിക്കുന്നത് സംബന്ധിച്ച് പുറത്തുവിട്ട ഉത്തരവ് പുനഃപരിശോധിക്കുമെന്ന് മന്ത്രി ആർ. ബിന്ദു അറിയിച്ചിരുന്നു (Order Regarding Guest Lecturers Will Be Reexamined).
അതേസമയം 09.09.2023 ന് ഇറക്കിയ ഉത്തരവിലാണ് കോളജ് വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സർക്കാർ/എയ്‌ഡഡ് കോളജുകളിലെ അതിഥി അധ്യാപക നിയമനം, യോഗ്യത തെരഞ്ഞെടുപ്പ് രീതി തുടങ്ങിയ വിഷയങ്ങൾ സംബന്ധിച്ച് 70 വയസുവരെയുള്ള വിരമിച്ചവരെയും ഗസ്റ്റ് അധ്യാപകരായി നിയമനത്തിന് പരിഗണിക്കാം എന്ന നിർദ്ദേശം മുന്നോട്ട് വച്ചത്. എന്നാൽ ഇതിനെതിരെ ഇടതുപക്ഷ സംഘടനകൾ തന്നെ രംഗത്തെത്തി.
പ്രതിഷേധം ശക്തമായ സാഹചര്യത്തിലായിരുന്നു ഉത്തരവ് പുനഃപരിശോധിക്കുമെന്ന് മന്ത്രി ആർ. ബിന്ദു അറിയിച്ചത്. ഗസ്റ്റ് ലക്‌ചർമാരുടെ സേവന വേതന വ്യവസ്ഥകൾ മാന്യമായ രീതിയിൽ പരിഷ്‌കരിക്കുന്നതിനുള്ള ഉത്തരവാണ് വന്നതെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു. അവരുടെ സേവനം സുഗമമാക്കാനും അവര്‍ക്ക് കൂടുതല്‍ സാധ്യതകള്‍ നല്‍കാനും കഴിയുന്ന വ്യവസ്ഥകളാണ് ഉള്‍പ്പെടുത്തിയത്.
ഗസ്റ്റ് ലക്‌ചർക്ക് നേരത്തെ പ്രായ പരിധി ഉണ്ടായിരുന്നില്ല. 70 വയസിന് മുകളിൽ പ്രായമുള്ളവരെ നിയമിക്കേണ്ട എന്ന ഉദ്ദേശത്തോടെ വന്ന നിർദേശമാണ് അതെന്നും ഉത്തരവിന്‍റെ വിശദാംശങ്ങള്‍ തയാറാക്കിയത് ഡയറക്‌ടര്‍ ഓഫ് കോളേജിയറ്റ് എജ്യുക്കേഷൻ ഓഫിസില്‍ നിന്നാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി. പ്രതിഷേധം ഉയര്‍ന്നുവന്ന സാഹചര്യത്തില്‍ അത് പുനഃപരിശോധിക്കാവുന്നതാണ് എന്നുമാണ് മന്ത്രി നേരത്തെ അറിയിച്ചത്. ഇപ്പോഴിതാ ഗസ്റ്റ് അധ്യാപക നിയമനത്തില്‍ നിലപാട് തിരുത്തിയിരിക്കുകയാണ് സര്‍ക്കാര്‍.