തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ക് ഡൗണിന് ശേഷവും പൊതുഗതാഗതത്തിന് നിയന്ത്രണം. ലോക്ക് ഡൗൺ അവസാനിക്കുന്ന മെയ് മൂന്നിനു ശേഷം സുരക്ഷിത മേഖലകളിൽ പെടുന്ന ഗ്രീൻ സോണുകളിൽ മാത്രമാകും പൊതുഗതാഗതം ഉണ്ടാകുക. കെ.എസ്.ആർ.ടി.സിയും ഗ്രീൻ സോണുകളായി പ്രഖ്യാപിക്കുന്ന ജില്ലകളിൽ മാത്രമേ സർവീസ് നടത്തുകയുള്ളൂ. മന്ത്രിസഭ യോഗത്തിനു ശേഷം ഗതാഗത വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രനും മോട്ടോർ വാഹന വകുപ്പ് ഉന്നത ഉദ്യോഗസ്ഥരും യോഗം ചേർന്നാണ് തീരുമാനമെടുത്തത്.
മെയ് മൂന്നു വരെ കെ.എസ്.ആർ.ടി.സി. സർവീസ് നടത്തില്ല. ബൈക്കുകളിൽ ഒരാൾ മാത്രവും കാറുകളിൽ മുന്നിലും പിന്നിലുമായി രണ്ട് പേരും എന്ന കേന്ദ്ര നിർദേശം അനുസരിച്ച് മാത്രമേ സ്വകാര്യ വാഹനങ്ങൾ സർവീസ് നടത്താൻ പാടുള്ളൂ. രോഗ വ്യാപന സാധ്യതയേറിയ റെഡ് സോൺ ജില്ലകളിൽ നിന്നും ഗ്രീൻ സോൺ ജില്ലകളിലേയ്ക്ക് കടക്കുന്നവർ പതിനാലു ദിവസത്തെ ക്വാറന്‍റെയ്‌നിൽ പോകേണ്ടി വരും. ഈ മാസം 20നു ശേഷം മോട്ടോർ വാഹന വകുപ്പിന്‍റെ ഓഫീസുകൾ തുറന്നു പ്രവർത്തിക്കാനും തീരുമാനിച്ചു. എന്നാൽ മൂന്നിലൊന്ന് ജീവനക്കാർ മാത്രമേ പാടുള്ളൂവെന്നും നിർദേശം ഉണ്ട്.
20നു ശേഷം ഇളവുകൾ ലഭിക്കുന്ന സ്വകാര്യ കമ്പനികൾക്ക് ജീവനക്കാരെ കൊണ്ടുപോകാൻ ആവശ്യമെങ്കിൽ കെ.എസ്.ആർ.ടി.സി ബസുകൾ വാടകയ്ക്ക് നൽകും. മെയ് മൂന്നിന് കെ.എസ്. ആർ.ടി.സി സർവീസ് ആരംഭിച്ചാലും നിർദേശങ്ങൾ കർശനമായി പാലിക്കണം. കണ്ടക്‌ടർ ഷീൽഡ് മാസ്കും കൈയ്യുറയും നിർബന്ധമായും ധരിക്കണം. ബസിൽ കയറുന്നതിനും ഇറങ്ങുന്നതിനും മുൻപ് സാനിറ്റൈസർ ഉപയോഗിക്കണം . പിന്നിൽ കൂടി യാത്രക്കാർ കയറുകയും മുന്നിൽ കൂടി ഇറങ്ങുകയും വേണം. മോട്ടോർ വാഹന വകുപ്പ് നിർദേശങ്ങൾ സർക്കാരിനു കൈമാറി. ഓട്ടോ ,ടാക്സി എന്നിവയും ഗ്രീൻ സോണിൽ മാത്രമേ സർവീസ് നടത്തുകയുള്ളു.