തിരുവനന്തപുരം: ഈ വര്‍ഷത്തെ റിപ്പബ്ലിക്ക് ദിനത്തില്‍ സ്ത്രീ ശാക്തീകരണ വിഷയമുയര്‍ത്തി കേരളം നിശ്ചല ദൃശ്യമൊരുക്കും. ഒരു ഇടവേളക്ക് ശേഷമാണ് കേരളത്തിന്‍റെ നിശ്ചല ദൃശ്യത്തിന് കേന്ദ്രം അനുമതി നല്‍കുന്നത്. 2017ലാണ് കേരളത്തിന്‍റെ നിശ്ചല ദൃശ്യം അവസാനമായി രാജ്‌പഥില്‍ അവതരിപ്പിച്ചത്.
ആറ് റൗണ്ട് സ്‌ക്രീനിങിന് ശേഷമാണ് കേരളം തെരഞ്ഞെടുക്കപ്പെട്ടത്. 16 സംസ്ഥാനങ്ങളാണ് ഇക്കുറി ഫ്ളോട്ട് അവതരിപ്പിക്കുന്നത്. കേരളത്തിന് പുറമെ ആന്ധ്രപ്രദേശ്, അരുണാചല്‍ പ്രദേശ്, അസം, ഗുജറാത്ത്, ഹരിയാന, ജാര്‍ഖണ്ഡ്, മഹാരാഷ്ട്ര, തമിഴ്‌നാട്, ത്രിപുര, ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, പശ്ചിമ ബംഗാള്‍ എന്നീ സംസ്ഥാനങ്ങളും ദാദാ നഗര്‍ ഹാവേലി- ദാമന്‍ & ദിയു, ജമ്മു കശ്‌മീര്‍, ലഡാക്ക് എന്നീ കേന്ദ്ര ഭരണ പ്രദേശങ്ങളും തെരഞ്ഞെടുക്കപ്പെട്ട വകുപ്പുകളുമാണ് ഫ്ളോട്ടുകൾ അവതരിപ്പിക്കുന്നത്.
കേരള ഫ്‌ളോട്ടിന്‍റെ ഡിസൈന്‍: റോയ് ജോസഫാണ് കേരളത്തിനായി ഫ്‌ളോട്ട് ഡിസൈന്‍ ചെയ്യുന്നത്. എല്ലാ തവണയും വൈവിധ്യമായ ഫ്‌ളോട്ടുകളാണ് കേരളം അവതരിപ്പിക്കുന്നത്. നിരവധി തവണ മികച്ച ഫ്‌ളോട്ടിനുള്ള സ്വര്‍ണ മെഡലും കേരളത്തിന് ലഭിച്ചിരുന്നു. എന്നാല്‍ രാഷ്ട്രീയ കാരണങ്ങളാല്‍ കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനത്തെ ഫ്‌ളോട്ട് ഒഴിവാക്കുകയായിരുന്നു.
2020ല്‍ വൈക്കം സത്യഗ്രഹവും ക്ഷേത്ര പ്രവേശനവും ഉള്‍പ്പടെയുള്ള നവോത്ഥാന സംഭവങ്ങള്‍ അടിസ്ഥാനമാക്കിയ ഫ്‌ളോട്ടിന്‍റെ നിര്‍ദേശമാണ് സംസ്ഥാനം അവതരിപ്പിച്ചത്. എന്നാല്‍ ശബരിമല സ്ത്രീപ്രവേശനം സംബന്ധിച്ച പ്രതിഷേധങ്ങളും നവോത്ഥാന മതിലടക്കമുള്ള രാഷ്ട്രീയ വിഷയങ്ങള്‍ സജീവമായ സമയത്താണ് ഇത്തരത്തിലൊരു ആശയത്തിന് അനുമതി നിഷേധിച്ചത്.
വൈക്കം സത്യഗ്രഹവും ക്ഷേത്ര പ്രവേശനവും പശ്ചാത്തലമാക്കിയുള്ള ഫ്‌ളോട്ട് ഉള്‍പ്പെടുത്തണമെന്ന് കേന്ദ്രത്തോട് കേരളം നിരവധി തവണ ആവശ്യപ്പെട്ടു. ഫ്‌ളോട്ടിന് കേന്ദ്ര സര്‍ക്കാര്‍ ചുമതലപ്പെടുത്തിയ വിദഗ്‌ദ സമിതി യാതൊരു പോരായ്‌മയും കണ്ടെത്തിയിരുന്നില്ല. സമിതിക്ക് മുൻപിൽ കേരളം മുന്നോട്ടുവച്ച നിര്‍ദേശങ്ങളില്‍നിന്ന്, ഗാന്ധിജിയും ശ്രീനാരായണഗുരുവും കാണുന്ന ദൃശ്യം ഏറെ ആകര്‍ഷണീയമായി തോന്നിയതിനാല്‍ സമിതിയിലെ കലാകാരന്മാര്‍ അതില്‍ കേന്ദ്രീകരിച്ച് മുന്നോട്ടുപോകാന്‍ നിര്‍ദേശം നല്‍കിയതാണ്.
എന്നാല്‍ പ്രത്യേകിച്ച് ഒരു കാരണവും പറയാതെ അവസാനഘട്ടത്തില്‍ ഇത് ഒഴിവാക്കപ്പെടുകയായിരുന്നു. ആശയങ്ങൾക്ക് അംഗീകാരം ലഭിച്ചപ്പോഴെല്ലാം വൈവിധ്യമായ ആശയങ്ങളിലൂടെ കേരളം എന്നും മികവ് കാട്ടിയിട്ടുണ്ട്. 2014ല്‍ ഹൗസ് ബോട്ടിലൂടെ മികച്ച ദൃശ്യാവിഷ്‌കാരത്തിനുള്ള സ്വര്‍ണ മെഡല്‍ കേരളം നേടിയിരുന്നു. എന്നാല്‍ 2015ലും 2016ലും സംസ്ഥാനത്തിന്‍റെ നിര്‍ദേശം സ്വീകരിക്കപ്പെട്ടില്ല. 2017ല്‍ അഞ്ചാം സ്ഥാനത്തുമെത്തിയിരുന്നു.