തിരുവനന്തപുരം: കഴിഞ്ഞ ദിവസം എഐസിസി പുനസംഘടിപ്പിച്ച കെപിസിസി രാഷ്ട്രീയ കാര്യ സമിതിയിലേക്ക് നടന്ന അംഗങ്ങളുടെ തിരഞ്ഞെടുപ്പിനെ ചൊല്ലി കോണ്‍ഗ്രസില്‍ അസ്വാരസ്യം ശക്തമാകുന്നു(Reorganization Of KPCC A Group Of Leaders Are Dissatisfied). രാഷ്ട്രീയ കാര്യങ്ങളറിയുന്നവരെക്കാള്‍ സാമ്പത്തിക കാര്യങ്ങള്‍ കൈകാര്യം ചെയ്യാനറിയുന്ന പലരെയുമാണ് സമിതിയിലുള്‍പ്പെടുത്തിയതെന്ന വിമര്‍ശനമാണുയരുന്നത്.
മറ്റൊരു ലോക്‌സഭാ തിരഞ്ഞെടുപ്പ് വാതില്‍പ്പടിയിലെത്തി നില്‍ക്കുമ്പോള്‍ ഒരു വശത്ത് സിപിഎം നവകേരള സദസിന്‍റെ രാഷ്ട്രീയവും മറുവശത്ത് ബിജെപി അയോധ്യയുടെ രാഷ്ട്രീയവും ഉയര്‍ത്തുമ്പോള്‍ ഇതിനെ ചെറുക്കാന്‍ കോണ്‍ഗ്രസ് എന്ത് രാഷ്ട്രീയമാണ് മുന്നോട്ടു വയ്ക്കുന്നതെന്ന പ്രസ്‌ക്തമായ വിമര്‍ശനമാണ് ഇപ്പോള്‍ ഉയരുന്നത്. ഇക്കാര്യം ചര്‍ച്ച ചെയ്‌ത് തീരുമാനിക്കേണ്ട സമിതി രാഷ്ട്രീയ കാര്യ സമിതിയാണ്. അതിന് സമൃദ്ധമായി രാഷ്ട്രീയം വിശകലനം ചെയ്‌ത് അത് കോണ്‍ഗ്രസിനനുകൂലമാക്കുന്ന തരത്തിലുള്ള തന്ത്രങ്ങളിലേക്കെത്തിച്ചേരണമെങ്കില്‍ രാഷ്ട്രീയ കാര്യ സമിതിയില്‍ അതിന് കഴിവുറ്റ നേതാക്കളെ ഉള്‍ക്കൊള്ളിക്കണം.
നിര്‍ഭാഗ്യവശാല്‍ അതിനുള്ള കേവലമായ ശ്രമം പോലുമില്ലാതെ ഒരു പറ്റം ആളുകളെ കുത്തി നിറച്ചും ചിലര്‍ക്ക് ഈ പദവി അലങ്കാരമാക്കി കൊണ്ടു നടക്കാനുള്ള അവസരമാരുക്കിയുമുള്ള പുന സംഘടനയാണ് നേതൃത്വത്തിന്‍റെ ഭാഗത്തു നിന്നുണ്ടായതെന്ന ആരോപണവും ഉയരുന്നു.
നവ കേരള സദസിന്‍റെ പേരില്‍ സിപിഎം സാമൂഹിക മാധ്യമങ്ങളിലൂടെയും പൊതു വേദികളിലൂടെയും കോണ്‍ഗ്രസിനെ കടന്നാക്രമിക്കുമ്പോള്‍ അതിന് അണികള്‍ക്ക് രാഷ്ട്രീയ ആയുധം നല്‍കേണ്ട കോണ്‍ഗ്രസ് നേതൃത്വം നിഷ്‌ക്രിയമാണ്. യൂത്ത് കോണ്‍ഗ്രസുകാരെ ഡിവൈഎഫ്‌ഐയും പൊലീസും മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍മാരും ചേര്‍ന്ന് ക്രൂരമായി തല്ലിച്ചതച്ചതു മാത്രമാണ് ഇതിനെ നേരിടാന്‍ കോണ്‍ഗ്രസ് അണികള്‍ക്ക് ചൂണ്ടിക്കാട്ടാനുള്ളത്. എന്നാല്‍ ഇതിനെ രാഷ്ട്രീയമായി നേരിടുന്ന കാര്യത്തില്‍ കോണ്‍ഗ്രസ് വട്ടപൂജ്യമാണ്. ഇതിനു തുടക്കം കുറിക്കേണ്ട രാഷ്ട്രീയ കാര്യ സമിതിയാകട്ടെ നിഷ്‌ക്രിയവും.
കോണ്‍ഗ്രസ് അണികള്‍ക്ക് ആയുധം നല്‍കുന്ന തരത്തിലുള്ള പ്രസ്‌താവനകളോ സാമൂഹിക മാധ്യമ ഇടപെടലുകളോ ഇതുവരെ കെപിസിസി നേതൃത്വത്തിന്‍റെ ഭാഗത്തു നിന്നുണ്ടായിട്ടില്ല. ബിജെപിയാകട്ടെ അയോദ്ധ്യമാത്രമല്ല, കേരളത്തിലെ മറ്റ് ക്ഷേത്രങ്ങളും പ്രധാനമന്ത്രിയെയും അണി നിരത്തി മത ധ്രുവീകരണത്തിനു ശ്രമിക്കുമ്പോള്‍ മത ന്യൂനപക്ഷങ്ങളുടെ വിശ്വാസമാര്‍ജ്ജിക്കുന്നതിനുള്ള പ്രചാരണങ്ങളോ പ്രസ്‌താവനകളോ കോണ്‍ഗ്രസ് നേതൃത്വത്തില്‍ നിന്നില്ല. പാര്‍ട്ടി അണികളായ ഭൂരിപക്ഷ വിഭാഗങ്ങള്‍ക്ക് ബിജെപിയെ ആശയ പരമായി നേരിടാനുള്ള ആയുധങ്ങളും നല്‍കുന്നില്ല. ഇതിനു പപര്യാപ്‌തമായ നേതൃത്വമുള്‍ക്കൊള്ളുന്ന രാഷ്ട്രീയ കാര്യ സമിതിയായിയിരുന്നു രൂപീകരിക്കേണ്ടിയിരുന്നതെന്ന അഭിപ്രായം ശക്തമാണ്.
ലോക്‌സഭാ തിരഞ്ഞെടുപ്പ് ഏറ്റവും മുന്നില്‍ നില്‍ക്കുമ്പോള്‍ മണ്ഡലങ്ങളില്‍ സജീവമായി നില്‍ക്കുന്ന എംപി മാരെ സമിതിയില്‍ കുത്തി നിറച്ചത് ശരിയായില്ലെന്ന ആക്ഷേപവും ശക്തമാണ്. 10 ലോക്‌സഭാംഗങ്ങളാണ് സമിതിയിലുള്ളത്. ശശി തരൂര്‍, കെ.മുരളീധരന്‍, എംകെ രാഘവന്‍, ടിഎന്‍ പ്രതാപന്‍, ആന്‍റോ ആന്‍റണി, ഹൈബി ഈഡന്‍, കെ.സുധാകരന്‍, കൊടിക്കുന്നില്‍ സുരേഷ്, അടൂര്‍ പ്രകാശ്, ബെന്നി ബഹനാന്‍ എന്നീ എംപമാരാണ് സമിതിയിലുള്ളത്. ഇതില്‍ കെ.മുരളീധരന്‍ മുന്‍ കെപിസിസി പ്രസിഡന്‍റ് എന്ന നിലയിലും കെ സുധാകരന്‍ കെപിസിസി പ്രസിഡന്‍റ് എന്ന നിലയിലുമാണ്.
സമിതിയില്‍ 7 പേര്‍ എംഎല്‍എ മാരാണ്-തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍, പിസി വിഷ്‌ണുനാഥ്, ടി സിദ്ദിഖ്, എപി അനില്‍കുമാര്‍, സണ്ണി ജോസഫ്, റോജി എം ജോണ്‍, ഷാഫി പറമ്പില്‍. മുല്ലപ്പള്ളി രാമചന്ദ്രന്‍ കെപിസിസി പ്രസിഡന്‍റായിരിക്കേ ഒരാള്‍ക്ക് ഒരു പദവി എന്ന തത്വം പരമാവധി നടപ്പാക്കാന്‍ അദ്ദേഹം ശ്രമിച്ചിരുന്നു. എംഎംല്‍എ മാര്‍ക്കും എംപിമാര്‍ക്കും അവരവരുടെ നിയോജക മണ്ഡലങ്ങളില്‍ ആവശ്യത്തിലേറെ തിരക്കുള്ളപ്പോള്‍ അവരെ ഒഴിവാക്കാമായിരുന്നു എന്നാണുയരുന്ന ഒരഭിപ്രായം.
രമേശ് ചെന്നിത്തല, ശശി തരൂര്‍, കൊടിക്കുന്നില്‍ സുരേഷ് എന്നിവര്‍ പ്രവര്‍ത്തക സമിതി അംഗങ്ങളാണ്. അവര്‍ക്ക് പ്രവര്‍ത്തക സമിതി അംഗങ്ങള്‍ എന്ന നിലയില്‍ രാഷ്ട്രീയ കാര്യ സമിതി യോഗങ്ങളില്‍ പങ്കെടുക്കുന്നതിനു തടസമില്ല. അങ്ങനെ അവരെയും ഒഴിവാക്കാമിയിരുന്നു. ടി സിദ്ദീഖാകട്ടെ നിലവില്‍ കെപിസിസി വര്‍ക്കിംഗ് പ്രസിഡനന്‍റാണ്. എംഎം ഹസന്‍, കെസി ജോസഫ് എന്നിവര്‍ പ്രായാധിക്യമുള്ളവരായിട്ടും അവര്‍ സമിതിയിലിടം പിടിക്കാനുള്ള കളിയില്‍ സജീവമായിരുന്നു.
എന്‍. സുബ്രഹ്മണ്യന്‍, അജയ് തറയില്‍, വിഎസ് ശിവകുമാര്‍, ശൂരനാട് രാജശേഖരന്‍, സണ്ണി ജോസഫ് എ്ന്നിവരുടെ നിയമനത്തിലും കടുത്ത അതൃപ്‌തി പുകയുകയാണ്. അതേ സമയം ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി അദ്ധ്യക്ഷന്‍മാരായിരിക്കെ മികച്ച സംഘടനാ പാടവം പുറത്തെടുത്ത തിരുവനന്തപുരത്തെ കെ മോഹന്‍കുമാര്‍, കൊല്ലത്തെ കെസി രാജന്‍, ആലപ്പുഴയിലെ എഎ ഷുക്കൂര്‍, ഇടുക്കിയിലെ ഇഎം അഗസ്‌തി എന്നിവരെ ഒഴിവാക്കിയതില്‍ കടുത്ത അതൃപ്‌തിയും പാര്‍ട്ടിയിലുണ്ട്. 2021 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ തലസ്ഥാന ജില്ലയില്‍ പാര്‍ട്ടിയുടെ അഭിമാനം കാത്ത എം വിന്‍സെന്‍റ് എംഎല്‍എയെ ഒഴിവാക്കിയെന്ന പരാതിയും ശകതമാണ്.
എ ഗ്രൂപ്പിന് അര്‍ഹമായ പരിഗണന ലഭിച്ചില്ലെന്ന പരാതിക്ക് കഴമ്പില്ലെന്നു മാത്രമല്ല, ഏറ്റവും കൂടുതല്‍ അംഗങ്ങളെ ലഭിച്ചതും എ ഗ്രൂപ്പിനാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. എംഎം ഹസന്‍, കെ സി ജോസഫ്, ബെന്നി ബഹനാന്‍, പിജെ കുര്യന്‍, ആന്‍റോ ആന്‍റണി, തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍, ടി സിദ്ദീഖ്, ഷാഫി പറമ്പില്‍, പിസി വിഷ്‌ണു നാഥ്, എംകെ രാഘവന്‍ തുടങ്ങിയവരെല്ലാം എ ഗ്രൂപ്പുകാരാണ്. എകെ ആന്‍റണി, കെസി വേണുഗോപാല്‍, വിഡി സതീശന്‍, കെ സുധാകരന്‍ എന്നിവരാണ് ഈ പട്ടികയ്ക്കു പിന്നില്‍.
എന്നാല്‍ എല്ലാറ്റിന്റെയും ഉത്തരവാദിത്തം കെസി വേണുഗോപാലിന്‍റെ തലയില്‍ കെട്ടിവച്ച് ഞാനൊന്നുമറിഞ്ഞില്ലെന്ന മട്ടില്‍ നടക്കുന്ന ചിലരും പാര്‍ട്ടിക്കുള്ളിലുണ്ടെന്ന് പേരു വെളിപ്പെടുത്താനഗ്രഹമില്ലാത്ത ഒരു നേതാവ് ഇ ടിവി ഭാരതിനോടു പറഞ്ഞു. എന്നാല്‍ മുഴുവന്‍ നേതാക്കളുടെയും ഭാരം കെസിയുടെ തലയില്‍ വച്ചു കെട്ടേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു. തെക്കന്‍ കേരളത്തില്‍ നിന്ന് ഒരു മുസ്ലീം പ്രാതിനിത്യമെങ്കിലുമാകാമായിരുന്നു എന്നും വിമര്‍ശനമുയരുന്നു. വനിതകളെ തിരഞ്ഞെടുത്തതിലും അൽപം കൂടി വിശാല മനസ്‌കത ആകാമായിരുന്നെന്ന അഭിപ്രായമുയര്‍ത്തുന്നരുമുണ്ട്.
കെ സുധാകരന്‍ അദ്ധ്യക്ഷനായിരിക്കുന്ന കെപിസിസിയില്‍ കുറച്ചു കൂടി നീതിപൂര്‍വ്വക തീരുമാനമുണ്ടാകുമെന്ന പ്രതീക്ഷയും ഇതോടെ അസ്ഥാനത്തായെന്ന വിമര്‍ശനവും ഉയരുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പ് ഇങ്ങെത്തിയിട്ടും പാര്‍ട്ടിയില്‍ നേതാക്കളുടെ പ്രസ്‌താവനകളല്ലാതെ താഴെ തട്ടില്‍ പ്രവര്‍ത്തനമെന്നുമില്ലെന്നും നിലയ വിദ്വാന്‍മാര്‍ എന്നു പറയുന്ന മട്ടിലുള്ള ഏതാനും പഴയ മുഖങ്ങള്‍ മാത്രമാണ് പാര്‍ട്ടിയുടെ മണ്ഡലം തല യോഗങ്ങളില്‍ പങ്കെടുക്കുന്നതെന്ന പരിഹാസവും ഉയരുന്നു.
Also Read: കെപിസിസി രാഷ്ട്രീയകാര്യ സമിതി ഇനി ജംബോ കമ്മിറ്റി, അംഗത്വം 23 ൽ നിന്നും 36 ലേക്ക്