തിരുവനന്തപുരം: എസ്ബിഐ ബാങ്കിൽ നിന്നും വായ്‌പ തട്ടിപ്പ് നടത്തിയ കേസിൽ ഹീര കൺസ്‌ട്രക്ഷൻസ് എംഡി അബ്‌ദുൽറഷീദിൻ്റെയും, മകൻ സുബിൻ്റെയും റിമാൻഡ് കാലാവധി ഈ മാസം 20 വരെ നീട്ടി. പ്രതികളുടെ ജാമ്യാപേക്ഷ സിബിഐ കോടതിയും, ഹൈക്കോടതിയും നേരത്തെ തള്ളിയിരുന്നു. തിരുവനന്തപുരം സിബിഐ പ്രത്യേക കോടതിയാണ് കേസ് പരിഗണിക്കുന്നത്.
ഹീര കൺസ്‌ട്രക്ഷൻസ് എംഡി അബ്‌ദുൽ റഷീദ് അടക്കം ആറു പേരാണ് കേസിലെ പ്രതികൾ. കേസിലെ മറ്റ് പ്രതികളായ സുനിത റഷീദ്, റെസ്വിൻ, സുറുമി എന്നിവരുടെ അറസ്റ്റ് സിബിഐ രേഖപെടുത്തിയിട്ടില്ല. വ്യാജ രേഖകൾ നൽകി ബാങ്കിൽ നിന്നും 12.8 കോടിയുടെ വായ്‌പ തട്ടിപ്പ് നടത്തിയെന്നാണ് സിബിഐ രജിസ്റ്റർ ചെയ്‌തിരിക്കുന്ന കേസ്. എസ്‌ബിഐ റീജ്യണൽ മാനേജർ സുരേഷ് കുമാർ നൽകിയ പരാതിയിലാണ് സിബിഐ കേസ് രജിസ്റ്റർ ചെയ്‍തത്. സിബിഐ കൊച്ചി യൂണിറ്റാണ് പ്രതികളെ അറസ്റ്റ് ചെയ്‌തിരുന്നത്.