തിരുവനന്തപുരം : പാര്‍ട്ടിയില്‍ താന്‍ തുടക്കമിട്ട പരിഷ്‌കരണ നടപടികള്‍ തുടരുമെന്ന സൂചന നല്‍കി കെ.പി.സി.സി പ്രസിഡന്‍റ് കെ. സുധാകരന്‍. പുത്തന്‍തലമുറയുടെ മനസുകളിലേക്ക് തിരികെ എത്തിക്കാന്‍ കഴിയുന്ന തരത്തില്‍ പാര്‍ട്ടിയെ പുനരാവിഷ്‌കരിക്കുമെന്ന് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്‍റെ 137-ാം ജന്മദിനാഘോഷം ഉദ്ഘാടനം ചെയ്തുകൊണ്ട് സുധാകരന്‍ പറഞ്ഞു.
അത്തരത്തിലുള്ള ഒരു പുനരാവിഷ്കരണത്തിലൂടെ മാത്രമേ പുതുതലമുറയില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിനെ കുറിച്ചും പാര്‍ട്ടി ഇന്ത്യയ്ക്കുനല്‍കിയ സംഭാവനകളെ കുറിച്ചും അറിവുണ്ടാക്കാനാകൂ. എല്ലാ മേഖലകളിലും കോണ്‍ഗ്രസിനെ തമസ്‌കരിക്കാന്‍ ബി.ജെ.പി ശ്രമിച്ചുകൊണ്ടിരിക്കുന്നു. പാഠപുസ്തകങ്ങളിലൂടെ തലമുറകള്‍ മനസിലാക്കിയ ഗാന്ധിജിയെയും സ്വാതന്ത്ര്യ സമര അധ്യായങ്ങളെയും ബി.ജെ.പി പാഠപുസ്തകങ്ങളില്‍ നിന്ന് ഒഴിവാക്കുകയാണ്. ഈ സാഹചര്യത്തില്‍ പാര്‍ട്ടിയെ പുനരാവിഷ്‌കരിച്ച് മാത്രമേ പുതുതലമുറയിലെത്തിക്കാന്‍ സാധിക്കൂ എന്ന് സുധാകരന്‍ പറഞ്ഞു.
പരിഷ്‌കരണ നയങ്ങളെ ശക്തമായെതിര്‍ക്കുന്ന മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ വേദിയിലിരുത്തിയായിരുന്നു കെ. സുധാകരന്‍റെ പ്രസംഗം. 137 ചലഞ്ച് എന്ന കോണ്‍ഗ്രസ് ധനശേഖരണ പരിപാടിയുടെ ഉദ്ഘാടനവും സുധാകരന്‍ നിര്‍വ്വഹിച്ചു.
പാര്‍ട്ടിയെ സെമി കേഡര്‍ സംവിധാനത്തിലേക്ക് മാറ്റുന്നതിന്‍റെ ഭാഗമായി താഴെ തട്ടില്‍ യൂണിറ്റ് കമ്മിറ്റി രൂപീകരിക്കാനുള്ള സുധാകരന്‍റെ തീരുമാനത്തിനെതിരെ മുതിര്‍ന്ന നേതാക്കളായ ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും രംഗത്ത് വന്നിരുന്നെങ്കിലും പ്രഖ്യാപിച്ച പരിപാടികളില്‍ നിന്ന് പിന്നോട്ടു പോകാന്‍ അദ്ദേഹം തയ്യാറായില്ല.
ചെന്നിത്തലയെ വേദിയിലിരുത്തി അത്തരം പരിപാടികളുമായി മുന്നോട്ടുപോകുമെന്ന് വ്യക്തമാക്കുകയായിരുന്നു സുധാകരന്‍.