തിരുവനന്തപുരം: ഭിന്നശേഷി അധ്യാപക നിയമനത്തില്‍ എയ്‌ഡഡ് മാനേജ്‌മെന്‍റ് സ്‌കൂളുകള്‍ക്ക് തിരിച്ചടി. എംപ്ലോയ്‌മെന്‍റ് എക്‌സ്‌ചേഞ്ചില്‍ നല്‍കുന്ന പട്ടിക പ്രകാരം മാത്രമായിരിക്കണം സ്ഥിരനിയമനമെന്ന സര്‍ക്കാര്‍ ഉത്തരവാണ് തിരിച്ചടിയായത്. ഇതോടെ ഭിന്നശേഷി അധ്യാപക നിയമന ചുമതല മാനേജ്‌മെന്‍റിന് നഷ്‌ടമാകും.
നിയമനം നടത്തിയ ശേഷം പട്ടിക സര്‍ക്കാരിന് നല്‍കണം. ഉദ്യോഗാര്‍ഥികളെ ലഭിച്ചില്ലായെങ്കില്‍ പത്ര പരസ്യം നല്‍കണമെന്നും ഉത്തരവില്‍ പറയുന്നു. സുപ്രീംകോടതി തന്നെ ഭിന്നശേഷി സംവരണം നടപ്പിലാക്കണമെന്ന് കര്‍ശനമായി സര്‍ക്കാരിനും മാനേജ്‌മെന്‍റുകള്‍ക്കും നേരത്തേ നിര്‍ദേശം നല്‍കിയിരുന്നു.
1996 മുതല്‍ 2017 വരെ മൂന്ന് ശതമാനം സംവരണവും 2017ന് ശേഷം നാല് ശതമാനം സംവരണവും നിര്‍ബന്ധമായും നടപ്പാക്കണം എന്നുള്ളതാണ് സുപ്രീംകോടതി നിര്‍ദേശിച്ചത്. കഴിഞ്ഞ മാസം ഹൈക്കോടതിയും ഇതില്‍ കര്‍ശനമായ നിലപാട് എടുത്തിരുന്നു. ഭിന്നശേഷി സംവരണത്തില്‍ അധ്യാപകരെ നിയമിച്ചില്ലെങ്കില്‍ 2018 മുതലുള്ള ഒരു അധ്യാപക നിയമനവും എയ്‌ഡഡ് സ്‌കൂളുകളിലെ അധ്യാപക നിയമനവും സര്‍ക്കാര്‍ അംഗീകരിക്കേണ്ടതില്ലന്നാണ് ഹൈക്കോടതി അറിയിച്ചത്. ഇതിനുള്ള നടപടിയായാണ് സര്‍ക്കാര്‍ ഉത്തരവ്.
കഴിഞ്ഞ ദിവസം എയ്‌ഡഡ് സ്‌കൂളുകളിലെ ഭിന്നശേഷി സംവരണത്തിനുള്ള മാര്‍ഗരേഖ സര്‍ക്കാര്‍ പുറത്തിറക്കിയിരുന്നു. അത് പ്രകാരം തസ്‌തികകളെ പ്രൈമറി, സെക്കന്‍ഡറി, ഹയര്‍ സെക്കന്‍ഡറി, വിഎച്ച്‌എസ്‌ഇ, നോണ്‍ ടീച്ചിങ് വിഭാഗങ്ങള്‍ ആക്കി തിരിക്കണം. ഓരോ വിഭാഗത്തിലും 1996 ഫെബ്രുവരി ഏഴ് മുതലുള്ള നിയമനം പരിശോധിച്ചു ഭിന്നശേഷിക്കാര്‍ക്ക് നല്‍കേണ്ടിയിരുന്ന ഒഴിവുകള്‍ കണ്ടെത്തണം.
ഇതിന് സമന്വയ ലോഗിനില്‍ ഒഴിവിന്‍റെ വിശദാംശങ്ങളും സാക്ഷ്യപത്രവും അപ്‌ലോഡ് ചെയ്യണം. എന്നാല്‍ സംരക്ഷിത അധ്യാപക നിയമനത്തിന് വിട്ടുനല്‍കിയ അധിക തസ്‌തികയും പ്രധാന അധ്യാപകനെ ക്ലാസ് ചുമതലയില്‍നിന്ന് ഒഴിവാക്കുന്നതുവഴിയുള്ള എച്ച്‌ടിവി തസ്‌തികയും പുതുതായി ആരംഭിച്ചതോ അപ്‌ഗ്രേഡ് ചെയ്‌തതോ ആയ സ്‌കൂളുകളിലെ സംരക്ഷിത അധ്യാപക നിയമനത്തിനുള്ള തസ്‌തികയും പരിഗണിക്കേണ്ടതില്ല എന്നതായിരുന്നു മാര്‍ഗരേഖ.