തിരുവനന്തപുരം: ഡോ വിജയ് പി നായരെ കയ്യേറ്റം ചെയ്‌ത കേസിൽ എന്തു നടപടിയും നേരിടാനൊരുക്കമാണെന്ന് സിനിമാ പ്രവർത്തക ഭാഗ്യലക്ഷ്‌മി. കേസെടുക്കുമെന്ന് അറിയാമായിരുന്നു. അറസ്റ്റ് ചെയ്‌താൽ തലയിൽ മുണ്ടിട്ട് പോകില്ല. നിയമ വ്യവസ്ഥ മോശമായതുകൊണ്ടാണ് ഡോ. വിജയ് പി നായരെ കയ്യേറ്റം ചെയ്യേണ്ടി വന്നത്. സമൂഹ മാധ്യമങ്ങളിലൂടെയുള്ള അധിക്ഷേപങ്ങൾക്കെതിരെ പൊലീസിൽ പരാതി നൽകിയാൽ നടപടി സ്വീകരിക്കുന്നില്ല. പരാതിയുമായി ചെല്ലുമ്പോൾ സൈബർ നിയമം ദുർബലമാണെന്നാണ് പൊലീസ് തന്നെ പറയുന്നതെന്നാണ് ഭാഗ്യ ലക്ഷ്‌മി പറഞ്ഞു.
സംവിധായകൻ ശാന്തിവിള ദിനേശ് പേരെടുത്ത് പറഞ്ഞ് സമൂഹമാധ്യമങ്ങളിലൂടെ അധിക്ഷേപിക്കുന്നത് സംബന്ധിച്ച് പരാതി നൽകിയിട്ടും നടപടി എടുത്തിട്ടില്ല. എന്ത് ഭവിഷ്യത്തും നേരിടാൻ തയ്യാറാണെന്നും ഭാഗ്യലക്ഷ്‌മി പറഞ്ഞു. സമൂഹമാധ്യമങ്ങളിലൂടെ അധിക്ഷേപിച്ചെന്ന് ആരോപിച്ച് വിജയ് പി നായരെ ഭാഗ്യലക്ഷ്മി, ദിയ സന, ശ്രീലക്ഷ്മി അറക്കൽ എന്നിവരടങ്ങുന്ന സംഘമാണ് വീടുകയറി കയ്യേറ്റം ചെയ്‌തത്. വിജയ് വി നായരുടെ പരാതിയിൽ തമ്പാനൂർ പൊലീസാണ് ഭാഗ്യലക്ഷ്‌മിക്കും സംഘത്തിനുമെതിരെ കേസെടുത്തത്.