തിരുവനന്തപുരം: കൊവിഡ് 19 രോഗബാധ വേഗത്തില്‍ കണ്ടെത്തുന്നതിനുള്ള റാപ്പിഡ് ടെസ്റ്റ് ഇന്നു മുതല്‍. കൊവിഡിനെ തുടര്‍ന്ന് ഒരാള്‍ മരിച്ച പോത്തന്‍കോടാണ് ആദ്യ റാപ്പിഡ് ടെസ്റ്റ് നടത്തുക. റാപ്പിഡ് കിറ്റുപയോഗിക്കുന്നതോടെ പരിശോധനാഫലം രണ്ടര മണിക്കൂറിനുള്ളില്‍ ലഭിക്കും. നിലവില്‍ ആറ് മുതല്‍ ഏഴു മണിക്കൂറാണ് പരിശോധനാ ഫലം ലഭിക്കുന്നതിന് എടുക്കുന്ന സമയം . ഫലം വേഗം ലഭ്യമാകുന്നത് സാമൂഹ്യ വ്യാപനം കണ്ടെത്തുന്നതിന് സഹായകമാകും.
കഴിഞ്ഞ ദിവസം റാപ്പിഡ് ആര്‍റ്റി പിസിആര്‍ കിറ്റിന്‍റെ ആദ്യ ബാച്ച് തിരുവനന്തപുരത്തെത്തി. ആയിരം കിറ്റുകളാണ് ആദ്യ ഘട്ടത്തിലെത്തിയത്. ശശി തരൂര്‍ എം.പിയുടെ ഫണ്ടില്‍ നിന്ന് 57 ലക്ഷം രൂപ ഉപയോഗിച്ചാണ് കിറ്റുകള്‍ വാങ്ങിയത്. ഞായറാഴ്‌ച 2000 കിറ്റുകള്‍ കൂടിയെത്തും. ഐ.സി.എം.ആര്‍ അംഗീകാരം ലഭിച്ച പൂനെയിലെ ലാബാണ് കിറ്റുകള്‍ തയാറാക്കിയിരിക്കുന്നത്. നിലവില്‍ ഏറ്റവും കൂടുതല്‍ ശ്രവ പരിശോധനകള്‍ നടത്തിയ പോത്തന്‍കോട് പഞ്ചായത്തില്‍ ഇന്ന് കൂടുതല്‍ പരിശോധന ഫലങ്ങള്‍ ലഭ്യമാകും. അതേസമയം കൊവിഡ് ബാധിച്ചു മരിച്ച അബ്‌ദുള്‍ അസീസിന് എങ്ങനെയാണ് രോഗം പിടിപെട്ടതെന്നതില്‍ അവ്യക്തത തുടരുകയാണ്.