തിരുവനന്തപുരം: തിരുവനന്തപുരത്ത് തുടങ്ങുന്ന രാജീവ് ഗാന്ധി സെന്‍റർ ഫോർ ബയോടെക്നോളജിയുടെ രണ്ടാമത്തെ ക്യാമ്പസിന് ആർഎസ്എസ് നേതാവ് എം എസ് ഗോൾവാൾക്കറുടെ പേര് നൽകുന്നതിനെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രധാനമന്ത്രിക്ക് കത്തയച്ചു. ശാസ്ത്ര സാങ്കേതിക മേഖലയിൽ രാജ്യം നേടിയ പുരോഗതിക്ക് ഊടും പാവും നൽകുകയും ആധുനിക ഇന്ത്യയ്ക്ക് അടിത്തറയിടുകയും ചെയ്‌ത മഹാനായ നേതാവായിരുന്നു മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധി. അദ്ദേഹത്തിന്‍റെ സ്മരണ നിലനിർത്തുന്ന സ്ഥാപനത്തിലെ രണ്ടാമത്തെ കാമ്പസിന് ആർഎസ്എസ് നേതാവിന്‍റെ പേര് നൽകുന്നതിനോട് ഒരിക്കലും യോജിക്കാൻ കഴിയില്ല. ആർജിസിബിയുടെ രണ്ടാമത്തെ കാമ്പസിനും രാജീവ് ഗാന്ധിയുടെ പേര് തന്നെ നൽകണം എന്ന് രമേശ് ചെന്നിത്തല കത്തിൽ ആവശ്യപ്പെട്ടു.
മത വിദ്വേഷവും ഫാസിസവും അസഹിഷ്ണുതയും മാത്രം മുഖമുദ്ര ആക്കുകയും ഇന്ത്യയിലെ നിരവധി വർഗീയ കലാപങ്ങൾക്കു പിന്നിൽ പ്രവർത്തിക്കുകയും ചെയ്‌തു എന്ന ആരോപണം നേരിടുന്ന സംഘടനയാണ് ആർഎസ്എസ്. ആ സംഘടനയുടെ അധ്യക്ഷനായിരുന്ന ഒരു വ്യക്തിയുടെ പേര് ഇന്ത്യയുടെ അഭിമാനമായ ഒരു ശാസ്ത്രസാങ്കേതിക സ്ഥാപനത്തിന് നൽകുന്നത് വിരോധാഭാസമാണെന്നും രമേശ് ചെന്നിത്തല കത്തിൽ ചൂണ്ടിക്കാണിക്കുന്നു. ഗോൾവാൾക്കറുടെ പേര് ഈ സ്ഥാപനത്തിന് നൽകാൻ തയ്യാറായ കേന്ദ്രസർക്കാർ തീരുമാനത്തിൽ നിന്ന് പിന്മാറണം എന്നും ചെന്നിത്തല ആവശ്യപ്പെട്ടു.