തിരുവനന്തപുരം: സിഎജി റിപ്പോർട്ടിന്മേലുള്ള അന്വേഷണപരിധിയിൽ മുഖ്യമന്ത്രിയെക്കൂടി ഉൾപ്പെടുത്തണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സിബിഐ അന്വേഷണത്തിൽ കുറഞ്ഞ ഒരു അന്വേഷണവും തൃപ്‌തികരമല്ലെന്നും മുഖ്യമന്ത്രി അറിയാതെ ഈ അഴിമതികള്‍ ഒന്നും നടക്കില്ലെന്നും ചെന്നിത്തല ആരോപിച്ചു.
ഡിജിപി ഏത് തീവെട്ടിക്കൊള്ള നടത്തിയാലും കുഴപ്പമില്ല എന്നതാണ് സ്ഥിതി. എല്ലാ പർച്ചേസ് ഓർഡറുകളിലും ഒപ്പിട്ട ആഭ്യന്തര സെക്രട്ടറി നടത്തുന്ന അന്വേഷണം കള്ളനെ താക്കോൽ ഏൽപ്പിക്കുന്നതിന് സമാനമാണ്. ആഭ്യന്തര സെക്രട്ടറിയുടെ റിപ്പോർട്ടിനെ പുച്ഛത്തോടെ തള്ളിക്കളയുന്നു. അഴിമതി നടത്തിയവർക്കല്ല കണ്ടെത്തിയവർക്കാണ് ഇപ്പോള്‍ കുഴപ്പമെന്നും ചെന്നിത്തല പറഞ്ഞു. ഇക്കാര്യം ഉന്നയിച്ച പി.ടി തോമസിനെ ധൈര്യമുണ്ടെങ്കിൽ അറസ്റ്റ് ചെയ്യൂവെന്നും രമേശ് ചെന്നിത്തല പറഞ്ഞു. പൊലീസ് ഉദ്യോഗസ്ഥർക്ക് ക്വാർട്ടേഴ്‌സ് നിർമിക്കാനുള്ള തുക വകമാറ്റി ഐപിഎസ് ഉദ്യോഗസ്ഥർക്ക് ആഡംബര വില്ല നിർമിക്കുന്നുവെന്ന് ആരോപണം ഉയർന്ന വഴുതക്കാട്ടെ സ്ഥലം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രനും സന്ദർശിച്ചു.