തിരുവനന്തപുരം: നിൽക്കക്കള്ളിയില്ലാതെയാണ് കെ.ടി ജലീലിന്‍റെ രാജിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ധാര്‍മികത ഉയര്‍ത്തിപ്പിടിച്ചല്ല രാജി. ധാർമികത ഉണ്ടായിരുന്നെങ്കില്‍ എന്തിനാണ് ഹൈക്കോടതിയിൽ പോയതെന്നും ചെന്നിത്തല ചോദിച്ചു. മറ്റ് മാർഗങ്ങളിലില്ലാതെയാണ് സ്ഥാനമൊഴിഞ്ഞത്. ധാർമികത പറയാൻ സിപിഎമ്മിന് അവകാശമില്ല. രാജിവയ്ക്കേണ്ടതില്ലെന്ന എകെ ബാലന്റെ നിലപാട് വ്യക്തിപരമായിരുന്നില്ല. രക്ഷപ്പെടാനുള്ള എല്ലാ മാർഗങ്ങളും നോക്കി പരാജയപ്പെട്ടപ്പോഴാണ് പദവിയൊഴിഞ്ഞത്. തുടക്കം മുതലേ മന്ത്രി നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടത്തി. ഇനി ക്രിമിനൽ പ്രോസിക്യൂഷൻ നടപടിക്ക് മന്ത്രി വിധേയനാകേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.
ധാർമികതയാണ് രാജിക്ക് കാരണമെങ്കിൽ ഫയൽ ഒപ്പിട്ട മുഖ്യമന്ത്രിയും അത് കാണിക്കണമെന്ന് കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. മനസില്ലാ മനസോടെയാണ് ജലീൽ രാജിവെച്ചത്. മാന്യത ഉണ്ടായിരുന്നെങ്കിൽ നേരത്തെ ആകാമായിരുന്നു. രാജി സമർപ്പിച്ചുകൊണ്ടുള്ള മന്ത്രിയുടെ പ്രസ്താവന ദൗർഭാഗ്യകരമാണ്. അധാർമിക രാഷ്ട്രീയത്തെ ജനങ്ങൾ ചോദ്യം ചെയ്തപ്പോഴാണ് പാർട്ടിക്ക് ബോധം ഉദിച്ചതെന്നും മുല്ലപ്പള്ളി പറഞ്ഞു.