തിരുവനന്തപുരം: എ കെ ബാലനും മുഖ്യമന്ത്രിയും കണ്ണടച്ച് ഇരുട്ടാക്കുന്നുവെന്നും രേഖകൾ ഇല്ലാതെ താൻ ഒന്നും പറഞ്ഞിട്ടില്ലെന്നും രമേശ് ചെന്നിത്തല. തിരുവനന്തപുരം പ്രസ് ക്ലബ്ബിൽ സംഘടിപ്പിച്ച മീറ്റ് ദ പ്രസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. താനും പ്രതിപക്ഷ നേതാവും തമ്മിൽ യാതൊരു മത്സരവുമില്ലെന്നും ചർച്ചകൾ നടത്തി ഒറ്റക്കെട്ടായാണ് പ്രവർത്തിക്കുന്നതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
എഐ കാമറ പദ്ധതിയിൽ അഴിമതി പ്രഥമദൃഷ്‌ടിയാൽ തെളിഞ്ഞതാണ്. 68 കോടിയിൽ കരാർ അവസാനിക്കുമെന്നാണ് ലൈറ്റ് മാസ്‌റ്റേഴ്‌സ് എം ഡി ജെയിംസ് പലമാറ്റം പറഞ്ഞത്. എ കെ ബാലന് അതിലും സംശയമുണ്ടോയെന്നും ചെന്നിത്തല ചോദിച്ചു.
ടെൻഡർ ഡോക്യുമെന്‍റിൽ പറയുന്ന വ്യവസ്ഥ ലംഘിച്ചു കൊണ്ട് കോർ ഏരിയയിൽ ഉപകരാർ കൊടുത്തത് തെറ്റാണെന്നും എസ്ആർഐടിക്ക് മുൻപരിചയമുണ്ടോ എന്ന ചോദ്യത്തിന് മറുപടി ഇല്ലെന്നും അദ്ദേഹം പറഞ്ഞു. പ്രസാദിയോ കമ്പനിയുടെ ഡയറക്‌ടർ ശ്യാംജിത്തിന് പുറമേ രണ്ടാം ഡയറക്‌ടർ സുരേന്ദ്ര കുമാർ സിപിഎം പാർട്ടിയോട് അടുത്ത ബന്ധമുള്ളയാളാണന്നും പ്രസാദിയോ കമ്പനിയിൽ 90 ശതമാനത്തിൽ അധികം ഷെയർ സുരേന്ദ്രകുമാറിനു ഉണ്ടെന്നും അമിത് ഷായുടെ മകന്‍റെ കമ്പനിയുടെ വളർച്ച പോലെയാണ് പ്രസാദിയോ കമ്പനിക്ക് വൻ വളർച്ചയെന്നും അദ്ദേഹം പറഞ്ഞു.
താനും വിജിലൻസ് വകുപ്പ് കൈകാര്യം ചെയ്‌തിട്ടുണ്ട്. വിജിലൻസ് അന്വേഷണം ട്രാൻസ്പോർട്ട് കമ്മിഷണർക്കെതിരെ നടക്കുന്ന അന്വേഷണമാണ്. അല്ലാതെ എഐ കാമറയ്‌ക്കെതിരെയല്ല. അല്ലായെങ്കിൽ പദ്ധതിയുടെ ഉദ്ഘാടനം മുഖ്യമന്ത്രി നടത്തുന്നതെങ്ങനെയെന്നും ചെന്നിത്തല ചോദിച്ചു. അഴിമതി ആരോപണത്തിൽ മുഖ്യമന്ത്രി പൊതുവേ മറുപടി പറയാറില്ല. തങ്ങൾക്ക് അതിൽ നിർബന്ധവുമില്ലെന്നും കരാർ റദ്ദ് ചെയ്യണമെന്നാണ് പ്രതിപക്ഷത്തിന്‍റെ ആവശ്യമെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേർത്തു.
പമ്പാ മണൽ കടത്ത്, ആഴ കടൽ മത്സ്യബന്ധനം, സ്പ്രിംക്ലെർ അഴിമതി എന്നിവ പ്രതിപക്ഷം തെളിയിച്ചതാണ്. ചട്ട വിരുദ്ധമായി നടക്കുന്ന കാര്യം ക്യാബിനറ്റ് പാസാക്കുന്നത് ചോദ്യം ചെയ്യപ്പെടണം. വ്യവസായ സെക്രട്ടറിയുടെ അന്വേഷണത്തിൽ തങ്ങൾക്ക് വിശ്വാസമില്ല, കോടതിയെ സമീപിക്കണോ എന്നത് അടക്കമുള്ള മറ്റു കാര്യങ്ങളും ചർച്ച ചെയ്യുകയാണെന്നും അദ്ദേഹം പറഞ്ഞു.