തിരുവനന്തപുരം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ജോലിക്കിടെ കൊല്ലപ്പെട്ട ഡോക്‌ടര്‍ വന്ദന ദാസിന്‍റെ കുടുംബത്തെ നന്നായി അറിയാമായിരുന്നുവെന്ന് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. രണ്ട് കോടിയോളം വരുന്ന രോഗികളെ പരിചരിക്കാന്‍ 5000 ഡോക്‌ടര്‍മാര്‍ മാത്രമാണ് കേരളത്തിലുള്ളതെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഒരു നഴ്‌സ് ഏകദേശം 150 ഓളം രോഗികളെ പരിചരിക്കേണ്ടതായി വരുന്നു. വളരെ പഴയ സ്റ്റാഫ് പാറ്റേണാണിത്. നിരവധി ഡോക്‌ടർമാരുടെയും സ്റ്റാഫ് നഴ്‌സുമാരുടെയും തസ്‌തികകള്‍ ഒഴിഞ്ഞ് കിടക്കുകയാണെന്നും അത്യാഹിത വിഭാഗത്തില്‍ പിജി വിദ്യാര്‍ഥികളാണ് ജോലി ചെയ്‌ത് വരുന്നതെന്നും ചെന്നിത്തല പറഞ്ഞു. 48 മുതൽ 74 മണിക്കൂർ വരെ തുടര്‍ച്ചയായി ഇവര്‍ ജോലി ചെയ്യേണ്ടതായി വരുന്നുണ്ട്. പിജി വിദ്യാര്‍ഥികളെ പീഡിപ്പിക്കുന്ന അവസ്ഥയാണ് സംസ്ഥാനത്തുള്ളതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
സര്‍ക്കാറിന്‍റെ പരാജയം കാരണം ഡിജിപിയെ വിളിച്ച് വരുത്തി ഹൈക്കോടതി വിമര്‍ശിക്കുന്ന സാഹചര്യം വരെയുണ്ടായി. കേരളത്തിന്‍റെ ചരിത്രത്തില്‍ ഇന്നുവരെയില്ലാത്ത സംഭവമാണിതെന്നും ചെന്നിത്തല പറഞ്ഞു. 2021ല്‍ 148 ആക്രമണങ്ങളാണ് കേരളത്തില്‍ ഡോക്‌ടര്‍മാര്‍ക്കെതിരെ ഉണ്ടായിട്ടുള്ളത്. സര്‍ക്കാര്‍ അപ്പോഴോക്കെ എവിടെയായിരുന്നുവെന്നും ചെന്നിത്തല ചോദിച്ചു.
ഡോക്‌ടര്‍മാരുടെ ദുരിതത്തിന് കാരണം സര്‍ക്കാറിന്‍റെ അനാസ്ഥ: 2012ൽ ഉമ്മൻചാണ്ടി സർക്കാരിന്‍റെ കാലത്താണ് ആശുപത്രി സംരക്ഷണ ബില്ല് കൊണ്ട് വരുന്നത്. നിയമം നടപ്പാക്കാൻ സർക്കാർ ജാഗ്രത കാണിക്കാത്തത് കൊണ്ടാണ് സംസ്ഥാനത്തെ ഡോക്‌ടർമാർക്ക് ഈ അവസ്ഥ നേരിടേണ്ടി വരുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. 2012ലെ നിയമം ശക്തിപ്പെടുത്തുകയാണ് സർക്കാർ ചെയ്യേണ്ടത്.
ആരോഗ്യമന്ത്രി വീണ ജോര്‍ജിനെ കുറിച്ചും പ്രതികരണം: ഡോക്‌ടര്‍ വന്ദന ദാസിന്‍റെ കൊലപാതകത്തെ തുടര്‍ന്ന് ആരോഗ്യ വകുപ്പ് മന്ത്രി നടത്തിയ പരാമർശത്തിലൂടെ ആ സ്ഥാനത്ത് ഇരിക്കാനുള്ള മന്ത്രിയുടെ യോഗ്യത നഷ്‌ടപ്പെട്ടുവെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. കെ.കെ ശൈലജ ടീച്ചറോ വി.എസ് ശിവകുമാറോ മന്ത്രി ആയിരുന്നുവെങ്കിൽ ഇത്തരം പരാമർശം ഉണ്ടാവില്ലായിരുന്നു. എക്‌സ്‌പീരിയൻസ് ഇല്ലാത്തത് കൊണ്ടാകാം മന്ത്രി ഇതരത്തിൽ പ്രതികരണം നടത്തിയത്. നിലനിൽക്കുന്ന നിയമം നടപ്പിലാക്കാൻ കഴിയാത്തത് കൊണ്ടാണ് ഈ അവസ്ഥ കേരളത്തിൽ ഉണ്ടാകുന്നത്.
മയക്കുമരുന്ന് പിടിക്കാനുള്ള ഒരു പ്രവർത്തനവും സർക്കാർ നടത്തുന്നില്ല. സിനിമ മേഖലയിലും സമൂഹത്തിലും മയക്കുമരുന്ന് പിടിമുറുക്കിയ സാഹചര്യമാണ് നിലവിലുള്ളത്. പ്രതിപക്ഷവും ഭരണപക്ഷവും ഒന്നിച്ച് പ്രവർത്തിക്കാമെന്ന് പറഞ്ഞിട്ട് പോലും സർക്കാർ ഒരു നടപടിയും എടുക്കുന്നില്ലെന്നും ചെന്നിത്തല പറഞ്ഞു.
സംസ്ഥാനത്ത് നിലവിലെ ഓർഡിനൻസ് ശക്തിപ്പെടുത്തേണ്ട ആവശ്യമുണ്ട്. എന്നാൽ നടപ്പിലാക്കേണ്ട ആർജവമാണ് ആവശ്യം. അതീവ ദുഖകരമായ സാഹചര്യമാണിത്.
പൊലീസുകാരെ കുറിച്ച് രമേശ് ചെന്നിത്തല: ഡോക്‌ടര്‍ വന്ദന ദാസിന്‍റെ കൊലപാതകത്തില്‍ എഫ്ഐആർ പൊലീസ് വേണ്ട രീതിയിൽ തയ്യാറാക്കിയില്ലെന്നും അക്രമകാരിയായ പ്രതി വരുമ്പോൾ ഹോം ഗാർഡ് മാത്രമാണുണ്ടായിരുന്നതെന്നും അദ്ദേഹം പറഞ്ഞു. പ്രതി അധ്യാപകനായിരുന്നുവെന്നത് ഏറ്റവും ലജ്ജാകരമായ കാര്യമാണ്. മദ്യപിച്ചും മയക്കുമരുന്ന് ഉപയോഗിച്ചും ക്ലാസിലെത്തുന്നവരെ സർവീസിൽ നിന്നും പിരിച്ചു വിടണം. ലാത്തിക്ക് വേണ്ടി ഓടേണ്ട സാഹചര്യമാണ് കേരളത്തിലെ പൊലീസിന് ഇപ്പോഴുള്ളത്.
എസ്ആർഐടിയുടെ വക്കീൽ നോട്ടിസ് ലഭിച്ചു. ഇത് നിയമപരമായി നേരിടും. എസ്ആർഐടി ഒരു രൂപയുടെ ഇൻവെസ്റ്റ്‌മെന്‍റ് പോലും കേരളത്തിൽ നടത്തിയിട്ടില്ലെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.