തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തെ എതിർക്കുന്നതിൽ കോൺഗ്രസ് ഒളിച്ചുകളിക്കുന്നുവെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയ്ക്ക് മറുപടിയുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. നിയമം സംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയനും ഗവർണര്‍ ആരിഫ് മുഹമ്മദ് ഖാനും തമ്മിലാണ് ഒളിച്ചു കളിക്കുന്നതെന്ന് രമേശ് ചെന്നിത്തല തിരുവനന്തപുരത്ത് പറഞ്ഞു.
പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രമേയം പാസാക്കിയ നിയമസഭയെ അവഹേളിച്ച ഗവർണർക്കെതിരെ ഒരക്ഷരം സംസാരിക്കാൻ മുഖ്യമന്ത്രി തയാറായിട്ടില്ല. ഗവർണർ നിയമസഭയെ ആക്ഷേപിച്ചപ്പോൾ സഭാ നേതാവായ മുഖ്യമന്ത്രി എന്തുകൊണ്ട് നിയമസഭയുടെ അന്തസുയർത്തി പിടിക്കാൻ തയാറായില്ലെന്നും രാജ്ഭവനിൽ പോയി ഗവർണറെ കണ്ട് എന്തുകൊണ്ട് പ്രതിഷേധമറിയിച്ചില്ലെന്നും ചെന്നിത്തല ചോദിച്ചു.
പൗരത്വ ഭേദഗതി നിയമത്തിനെതിരെ സംസ്ഥാന നിയമസഭ ഭരണഘടനാവിരുദ്ധമായല്ല പ്രമേയം പാസാക്കിയത്. നിയമസഭക്ക് ഇത്തരം പ്രമേയങ്ങൾ പാസാക്കിയ ചരിത്രമുണ്ട്. കേരള ഗവർണർ ബി.ജെ.പിയുടെ ഭാഷയിലാണ് സംസാരിക്കുന്നതെന്നും ചെന്നിത്തല ആരോപിച്ചു. പൗരത്വ ഭേദഗതി നിയമത്തിനെതിരെ പോരാട്ടം നടത്താൻ കോൺഗ്രസിന് പിണറായി വിജയന്റെ സർട്ടിഫിക്കറ്റ് വേണ്ടെന്നും സി.എ.എക്കെതിരെ കോൺഗ്രസ് പോരാട്ടം തുടരുമെന്നും ചെന്നിത്തല വ്യക്തമാക്കി.