തിരുവനന്തപുരം : സ്‌പീക്കര്‍ എഎന്‍ ഷംസീറിന്‍റെ മിത്ത് പരാമർശത്തിൽ കേരളത്തിലെടുത്ത നിലപാട് ഡൽഹിയിൽ എത്തിയപ്പോൾ സിപിഎം മാറ്റി പറഞ്ഞിരിക്കുകയാണെന്ന് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അതിനാൽ സ്‌പീക്കര്‍ നിലപാട് തിരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അല്ലാഹുവും ഗണപതിയും മിത്ത് ആണെന്ന് താൻ പറഞ്ഞിട്ടില്ലെന്ന സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍റെ പുതിയ പ്രസ്‌താവനയ്ക്ക് പിന്നാലെയാണ് രമേശ് ചെന്നിത്തലയുടെ പ്രതികരണം.
ഇവിടെ പ്രശ്‌നങ്ങള്‍ ഉണ്ടാക്കണമെന്ന് ഞങ്ങളാരും ആഗ്രഹിക്കുന്നില്ല.വിശ്വാസികള്‍ ആരാധിക്കുന്ന ഗണപതി മിത്താണെന്ന് പറഞ്ഞു. ഗണപതിയെ പറ്റി മോശം പ്രതികരണം നടത്തിയതോടെയാണ് എല്ലാവരും അതിനെതിരെ പ്രതിഷേധം അറിയിച്ചത്. എന്നാല്‍ സിപിഎമ്മും എംവി ഗോവിന്ദനും നിലപാട് മാറ്റിയിരിക്കുകയാണ്. ഗണപതി മിത്താണെന്ന് തങ്ങള്‍ പറഞ്ഞിട്ടില്ലെന്നും യഥാര്‍ഥ വിശ്വാസികള്‍ക്കൊപ്പമാണെന്നും അറിയിച്ചതോടെ തങ്ങള്‍ മുന്നോട്ടുവച്ച നിലപാടിലേക്ക് സിപിഎം എത്തിയെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
കോൺഗ്രസിന്‍റെ നിലപാട് ശരിയാണെന്ന് തെളിഞ്ഞു. വിശ്വാസത്തെ ബഹുമാനിച്ചില്ലെങ്കിലും അപമാനിക്കരുത്. ഇത്രയും സംഭവങ്ങൾ ഉണ്ടായിട്ടും മുഖ്യമന്ത്രി പ്രതികരിച്ചിട്ടില്ല. മുഖ്യമന്ത്രിയുടെ വായിൽ പാൽ ഒഴിച്ചാലും തൈരായേ വരൂ എന്ന അവസ്ഥയാണെന്നും അദ്ദേഹം പരിഹസിച്ചു. ബിജെപിയും സിപിഎമ്മും വർഗീയ ധ്രുവീകരണത്തിന് ശ്രമിക്കുകയാണ്.
തിരിച്ചടി ഉണ്ടാകുമെന്ന് കണ്ടാണ് സിപിഎമ്മിന്‍റെ തിരുത്തലെന്നും എന്നാല്‍ അതിൽ സന്തോഷമുണ്ടെന്നും രമേശ് ചെന്നിത്തല പറഞ്ഞു. എംവി ഗോവിന്ദൻ നിലപാട് തിരുത്തിയതിനാൽ സ്‌പീക്കർ കൂടി വിഷയം കൂടുതൽ വഷളാക്കാൻ നിൽക്കാതെ തിരുത്തുന്നതാണ് നല്ലത്. പാര്‍ട്ടി പറഞ്ഞാല്‍ സ്‌പീക്കര്‍ക്ക് തിരുത്താമല്ലോ. എൻഎസ്എസിന് (നായര്‍ സര്‍വീസ് സൊസൈറ്റി) എതിരെയുള്ള കേസ് നിലനിൽക്കുമെന്ന് തോന്നുന്നില്ല.
വിശ്വാസത്തെ ഹനിക്കരുത്. മതനിരപേക്ഷത നിലനില്‍ക്കുന്ന സംസ്ഥാനമാണ് കേരളം. വിഷയത്തില്‍ ബിജെപിയുടേതും സിപിഎമ്മിന്‍റേതും തെറ്റായ രാഷ്‌ട്രീയ കളിയാണെന്നും അദ്ദേഹം പറഞ്ഞു. ബിജെപിയും സിപിഎമ്മും വര്‍ഗീയ ധ്രുവീകരണത്തിന് ശ്രമിക്കുകയാണ്. പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പ് അടുത്ത് വരുന്നതോടുകൂടി സംസ്ഥാനത്ത് വര്‍ഗീയ ചേരി തിരിവ് ഉണ്ടാക്കാനുള്ള വെടി മരുന്ന് ഇടുകയെന്നതായിരുന്നു ഇവരുടെ ഉദ്ദേശം. അത്തരം നീക്കങ്ങള്‍ കേരള ജനത തിരിച്ചറിയുമെന്ന ഉറപ്പ് തങ്ങള്‍ക്കുണ്ടെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
also read: Ganapathy Raw |" ഷംസീർ 'അലവലാതി'ക്ക് അള്ളാഹു നല്ലയാളാണ്", രൂക്ഷ വിമർശനവുമായി കെ സുരേന്ദ്രൻ
സ്‌പീക്കറുടെ മിത്ത് പരാമര്‍ശത്തില്‍ സമാധാനപരമായ പ്രതിഷേധമാണ് സംസ്ഥാനത്ത് നടന്നത്. സഭ സമ്മേളനത്തിന് മുൻപ് സ്‌പീക്കർ നിലപാട് തിരുത്തണം. അല്ലാത്ത പക്ഷം സഭയിൽ വിഷയം ഉന്നയിക്കുന്നത് ചർച്ച ചെയ്യുമെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി. കോൺഗ്രസിന് ബിജെപിയുമായി ബന്ധമുണ്ടെന്നത് സിപിഎം നേരത്തേ ആരോപിക്കുന്നതാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.