തിരുവനന്തപുരം: രാമനാട്ടുകര സ്വർണക്കടത്ത് കേസിൽ കുറ്റക്കാർക്കെതിരെ കർശന നടപടിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേസിൽ കസ്റ്റംസ് ചോദ്യം ചെയാനിരുന്ന റമീസിൻ്റേത് അപകട മരണമാണെന്നും മുഖ്യമന്ത്രി നിയമസഭയിൽ വ്യക്തമാക്കി. അതേ സമയം കേസ് അട്ടിമറിക്കാനാണ് സർക്കാർ ശ്രമമെന്ന് പ്രതിപക്ഷം ആരോപിച്ചു.
ഡിവൈഎഫ്ഐ പ്രവർത്തകർ ഉൾപ്പെട്ട രാമനാട്ടുകര സ്വർണക്കടത്ത് കേസ് അട്ടിമറിക്കാൻ സർക്കാർ ശ്രമിക്കുന്നതായി ചൂണ്ടിക്കാട്ടി തിരുവഞ്ചൂർ രാധാകൃഷ്ണനാണ് നിയമസഭയിൽ അടിയന്തര പ്രമേയ നോട്ടീസ് നൽകിയത്. കസ്റ്റംസ് ചോദ്യം ചെയ്യാൻ വിളിപ്പിച്ച അർജുൻ ആയങ്കിയുടെ സുഹൃത്ത് റമീസിൻ്റെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് തിരുവഞ്ചൂർ ആരോപിച്ചു. മുഖ്യമന്ത്രിയുടെ കീഴിൽ പൊലീസ് സംവിധാനം തകർന്ന് തരിപ്പണമായതിനാലാണ് ഇത്തരം അക്രമ സംഭവങ്ങളെന്നും തിരുവഞ്ചൂർ പറഞ്ഞു.
READ MORE: 'സ്വർണം തിരിച്ചുതന്നില്ലെങ്കിൽ കൈകാര്യം ചെയ്യാൻ അറിയാം', അർജ്ജുൻ ആയങ്കിയുടെ ഭീഷണി സന്ദേശം പുറത്ത്
ഗുണ്ടകൾക്ക് സർക്കാർ ഹീറോ പരിവേഷം നൽകുന്നതായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ആരോപിച്ചു. പ്രതിപക്ഷത്തിന് വിഷയ ദാരിദ്ര്യമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. കേസിലെ കുറ്റവാളികളെ കുറ്റവാളികളായി തന്നെയാണ് സർക്കാർ കാണുന്നതെന്നും കർക്കശ നടപടി ഉണ്ടാകുമെന്നും മുഖ്യമന്ത്രി മറുപടി നൽകി. മുഖ്യമന്ത്രിയുടെ വിശദീകരണത്തിൽ സ്പീക്കർ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയിൽ നിന്നും ഇറങ്ങിപ്പോയി.
ALSO READ: നിയമസഭ കയ്യാങ്കളി കേസ് പിൻവലിക്കാനാകില്ലെന്ന് സുപ്രീംകോടതി ; സർക്കാരിന് തിരിച്ചടി