തിരുവനന്തപുരം: അതിരപ്പിള്ളി പദ്ധതി സംബന്ധിച്ച വിഷയം മന്ത്രിസഭ ചർച്ച ചെയ്തിട്ടില്ലെന്ന് വനം മന്ത്രി കെ. രാജു. പദ്ധതിക്ക് കേന്ദ്ര അനുമതി ഇല്ല. പദ്ധതി അടഞ്ഞ അധ്യായമാണെന്നാണ് തന്‍റെ അഭിപ്രായമെന്നും കെ.രാജു പറഞ്ഞു.
പദ്ധതി വേണോ വേണ്ടയോ എന്നതിൽ ഘടകകക്ഷികൾ തമ്മിൽ അഭിപ്രായ വ്യത്യാസമുണ്ട്. വിഷയത്തിൽ സമവായത്തിന് ഒരു നീക്കമുണ്ടായിട്ടില്ല. ഹെക്ടർ കണക്കിന് വനഭൂമി നശിപ്പിക്കുന്ന പദ്ധതിയോട് ഒരിക്കലും യോജിക്കാൻ കഴിയില്ല. ഇത്തരമൊരു പദ്ധതി പാടില്ല എന്നതാണ് വനം വകുപ്പിന്‍റെ നിലപാട്. സി.പി.ഐ നിലപാടും ഇതു തന്നെയാണ്. കെ.എസ്.ഇ.ബിക്ക് ഏകപക്ഷീയമായി പദ്ധതിയുമായി മുന്നോട്ട് പോകാനാകില്ലെന്നും മന്ത്രി പറഞ്ഞു.