തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്‍റെ നേതൃത്വത്തിൽ മ്യൂസിയം വളപ്പിൽ നിര്‍മിക്കുന്ന രാജാ രവിവർമ ആർട്ട് ഗ്യാലറിയുടെ നിര്‍മാണ ഉദ്ഘാടനം നവംബർ രണ്ടിന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. സ്മാരകം നിര്‍മിക്കുക എന്നത് ഏറെ നാളത്തെ ആവശ്യമാണ്. ശ്രീചിത്ര ആർട്ട് ഗ്യാലറിയോട് ചേർന്നാണ് പുതിയ ആർട്ട് ഗ്യാലറി ഒരുങ്ങുന്നത്. 15,000 ചതുരശ്ര വിസ്തൃതിയിൽ രണ്ടു നിലകളിലാണ് ഗ്യാലറി.
നിലവിൽ രവിവർമ ചിത്രങ്ങൾ മ്യൂസിയം വളപ്പിലെ ശ്രീ ചിത്ര ആർട്ട് ഗ്യാലറിയിലാണ് പ്രദർശിപ്പിച്ചിരിക്കുന്നത്. രവിവർമ്മയുടെ ലോക പ്രശസ്തമായ 43 ചിത്രങ്ങളും സ്കെച്ചുകളുമാണ് ഇവിടെയുള്ളത്. ഇവയെല്ലാം ആധുനിക സംവിധാനങ്ങൾ ഉള്ള രാജാ രവിവർമ ആർട്ട് ഗ്യാലറയിലേക്ക് മാറ്റും. മൃഗശാല വകുപ്പ് സംസ്ഥാന സർക്കാർ നോഡൽ ഏജൻസിയായ കേരള മ്യൂസിയം തയ്യാറാക്കിയ പദ്ധതിക്ക് എട്ട് കോടി രൂപയാണ് ചെലവ്. അഞ്ച് മാസത്തിനുള്ളിൽ നിർമാണം പൂർത്തിയാക്കി ആർട്ട് ഗ്യാലറി സന്ദർശകർക്ക് തുറന്നു കൊടുക്കും.