തിരുവനന്തപുരം: സെക്രട്ടേറിയറ്റ് സമരത്തിലെ അക്രമ കേസില്‍ യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍മാങ്കൂട്ടത്തിലിനെ റിമാൻഡ് ചെയ്തതില്‍ പ്രതിഷേധിച്ച് സമരജ്വാലയുമായി യൂത്ത് കോണ്‍ഗ്രസ്. രാവിലെ 11 മണിക്ക് തിരുവനന്തപുരം ജില്ല കമ്മിറ്റിയുടെ നേതൃത്വത്തില്‍ സെക്രട്ടേറിയേറ്റ് മാര്‍ച്ചും വൈകിട്ട് 6 മണിക്ക് സംസ്ഥാനത്തുടനീളമുള്ള പൊലീസ് സ്റ്റേഷനുകളിലേക്കും മണ്ഡലം ആസ്ഥാനങ്ങളിലേക്കും പ്രതിഷേധം സംഘടിപ്പിക്കുമെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്‍റ് അബിന്‍ വര്‍ക്കി അറിയിച്ചു.
വരും ദിവസങ്ങളില്‍ സംസ്ഥാന വ്യാപകമായ ശക്തമായ സമരത്തിനും രൂപം നല്‍കിയതായും അറസ്റ്റിനെ രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്നും അബിന്‍ വര്‍ക്കി വ്യക്തമാക്കി. ഇന്നലെ റിമാൻഡ് ചെയ്യപ്പെട്ട രാഹുല്‍ മാങ്കൂട്ടത്തില്‍ ഇന്ന് സെഷന്‍സ് കോടതിയില്‍ ജാമ്യ ഹര്‍ജി നല്‍കും. രാഹുലിന്‍റെ ആരോഗ്യപരമായ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി ഹര്‍ജി നല്‍കാനാണ് സംഘടന ആലോചിക്കുന്നത്.
ഇന്നലെ പുലര്‍ച്ചെ 6 മണിക്ക് പത്തനംതിട്ടയിലെ അടൂരിലെ വീട്ടില്‍ നിന്നുമാണ് രാഹുല്‍ മാങ്കൂട്ടത്തിനെ പൊലീസ് അറസ്റ്റ് ചെയ്തത്. കേസില്‍ കോടതി 14 ദിവസത്തേക്കാണ് രാഹുലിനെ റിമാന്‍ഡ് ചെയ്തത്.
Also Read:രാഹുല്‍മാങ്കൂട്ടം റിമാന്‍റില്‍ ; യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധ മാര്‍ച്ചില്‍ സംഘര്‍ഷം