തിരുവനന്തപുരം: ഭാരത് ജോഡോ യാത്രയുടെ ഭാഗമായി പട്ടത്തെത്തിയ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി വിഴിഞ്ഞം തുറമുഖ സമരസമിതി നേതാക്കളുമായി കൂടിക്കാഴ്‌ച നടത്തി. തിരുവനന്തപുരം ലത്തീൻ അതിരൂപത വികാരി യൂജിൻ പെരേരയുടെ നേതൃത്വത്തിൽ ആറംഗ സംഘമാണ് രാഹുൽ ഗാന്ധിയെ കാണാൻ പട്ടം സെൻ്റ് മേരീസ് സ്‌കൂളിലെത്തിയത്. ചർച്ച ഫലപ്രദമെന്ന് വികാരി ജനറൽ യുജിൻ പെരേര പറഞ്ഞു.
തീര ശോഷണം മൂലമുണ്ടാകുന്ന പ്രശ്‌നങ്ങൾ, തുറമുഖ നിർമാണത്തിലെ അപാകതകൾ എന്നിവ രാഹുൽ ഗാന്ധിയെ ബോധ്യപ്പെടുത്തി. തുറന്ന മനസോടെ രാഹുൽ പ്രശ്‌നങ്ങൾ കേട്ടു. പരിശോധിച്ച് നിലപാട് അറിയിക്കാൻ കെപിസിസിയോട് അദ്ദേഹം ആവശ്യപ്പെട്ടു. കെപിസിസി ഭാരവാഹികളോട് രാഹുൽ ഗാന്ധി അഭിപ്രായങ്ങൾ ചോദിച്ചു. വിഷയം വസ്‌തുനിഷ്‌ഠമായി പഠിച്ച് നിലപാട് സ്വീകരിക്കുന്നവര്‍ക്കൊപ്പമാണ് സമരസമിതിയെന്നും യുജിൻ പെരേര പറഞ്ഞു.