തിരുവനന്തപുരം: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയുടെ കേരളത്തിലെ രണ്ടാം ദിവസത്തെ പര്യടനത്തിന്‍റെ ആദ്യ ഘട്ടം പട്ടത്ത് അവസാനിച്ചു. ഇന്ന് (സെപ്‌റ്റംബര്‍ 12) രാവിലെ 7ന് നേമത്ത് നിന്നാരംഭിച്ച യാത്ര 10.15 ഓടെയാണ് പട്ടത്ത് എത്തിയത്. പദയാത്ര കരമന -കിള്ളിപ്പാലം എത്തിയപ്പോൾ മുതലപ്പൊഴിയില്‍ മരിച്ച മത്സ്യ തൊഴിലാളികളുടെ കുടുംബവും രാഹുല്‍ ഗാന്ധിക്കൊപ്പം ചേർന്നു.
യാത്രയിലുടനീളം രാഹുലിന് അഭിവാദ്യമർപ്പിച്ച് നൂറ് കണക്കിന് പ്രവർത്തകരും കൊച്ചുകുട്ടികളും റോഡിന് ഇരുവശത്തും അണിനിരന്നു. വെള്ളായണി മുതൽ പട്ടം വരെ ഒരു ഭാഗത്തെ റോഡിൽ പൂർണമായും ഗതാഗതം തടഞ്ഞത് ചെറിയ ഗതാഗത കുരുക്കിന് കാരണമായി. പട്ടം സെന്റ് മേരീസ് ഹയർ സെക്കണ്ടറി സ്‌കൂളിലാണ് രാഹുൽ ഗാന്ധിയുടെ വിശ്രമം.
തുടർന്ന് അദ്ദേഹം വിഴിഞ്ഞം സമരസമിതി നേതാക്കളുമായി കൂടിക്കാഴ്‌ച നടത്തും. എന്നാൽ ഇക്കാര്യത്തിൽ അവ്യക്തത നിലനിൽക്കുകയാണ്. ജവഹർ ബാൽ മഞ്ച് നടത്തിയ ചിത്രരചനാ മത്സരത്തിൽ വിജയികളായ കുട്ടികൾക്ക് സമ്മാന വിതരണവും കുട്ടികളുമായുള്ള ആശയവിനിമയവും സംഘടിപ്പിച്ചിട്ടുണ്ട്.
സാമൂഹിക, സാംസ്ക്കാരിക മേഖലകളിലെ ക്ഷണിക്കപ്പെട്ട വ്യക്തിത്വങ്ങൾക്കൊപ്പമാണ് രാഹുൽ ഗാന്ധിയുടെ ഉച്ചഭക്ഷണം. തുടർന്ന് വൈകീട്ട് നാലുമണിക്ക് പട്ടം ജംഗ്ഷനിൽ നിന്നാരംഭിക്കുന്ന പദയാത്ര വൈകീട്ട് ഏഴിന് കഴക്കൂട്ടത്ത് സമാപിക്കും. രണ്ട് ദിവസം കൂടി തിരുവനന്തപുരം ജില്ലയിൽ പര്യടനം തുടര്‍ന്ന് മറ്റന്നാൾ കൊല്ലം ജില്ലയിലേക്ക് പ്രവേശിക്കും.
Also read:ഭാരത് ജോഡോ യാത്ര : രാഹുല്‍ വിഴിഞ്ഞം സമര നേതാക്കളുമായി കൂടിക്കാഴ്‌ച നടത്തും