തിരുവനന്തപുരം: കെ റെയിൽ പദ്ധതിയിൽ സംസ്ഥാന സർക്കാരിനെ വിമർശിച്ച് സുപ്രീംകോടതി അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ. കെ റെയിൽ വിനാശകരമായ പദ്ധതിയാണെന്നും വായ്‌പ തിരിച്ചടവ് പോലും സർക്കാരിന് താങ്ങാനാകില്ലെന്നും പ്രശാന്ത് ഭൂഷൺ തിരുവനന്തപുരത്ത് നടന്ന വാർത്ത സമ്മേളനത്തിൽ പറഞ്ഞു. അടിസ്ഥാന പഠനം പോലും നടത്താതെയാണ് സർക്കാർ പദ്ധതി നടത്താന്‍ ഒരുങ്ങുന്നത്.
കെ റെയിൽ പദ്ധതി കേരളത്തിലുടനീളമുള്ള ആയിരക്കണക്കിന് ജനങ്ങളെ ദോഷകരമായി ബാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്ത് ജനാധിപത്യം അവശേഷിക്കുന്നില്ലെന്ന് സൂക്ഷ്‌മമായി നോക്കിയാൽ കാണാം. പ്രധാനമന്ത്രിയെയും മുഖ്യമന്ത്രിയെയും വിമർശിക്കുന്നവരെ ജയിലില്‍ ഇടുകയാണ്.
പ്രതിഷേധിക്കുന്ന ന്യൂനപക്ഷങ്ങളോട് മൃഗീയമായാണ് പെരുമാറുന്നത്. ബുൾഡോസർ കൊണ്ട് വീടുകൾ ഇടിച്ചു വീഴ്ത്തുന്നത് പോലുള്ള ശിക്ഷകൾ നിയമത്തില്‍ ഇല്ല. പക്ഷെ ഇത് തടയാൻ കോടതി ഒന്നും ചെയ്യുന്നില്ലെന്നും പ്രശാന്ത് ഭൂഷൺ കുറ്റപ്പെടുത്തി.