തിരുവനന്തപുരം: മുൻ എസ്.എഫ്.ഐ നേതാക്കൾ ക്രമക്കേട് നടത്തിയ സിവിൽ പൊലീസ് ഓഫീസർ റാങ്ക് പട്ടികയിലെ നിയമന നടപടികൾ കർശനമാക്കാൻ പി.എസ്.സി തീരുമാനം. നിയമന ശുപാർശ നൽകുന്നതിനു മുൻ ഉദ്യോഗാർഥികളുടെ വിരലടയാളം പരിശോധിച്ച് ഉറപ്പ് വരുത്തും. ഇതാദ്യമായാണ് നിയമന ശുപാർശ നൽകുന്നതിനു മുൻപ് പി.എസ്.സി ബയോമെട്രിക് പരിശോധന നടത്തുന്നത്.
പി.എസ്.സി യോഗം ചേർന്നാണ് ക്രമക്കേട് തടയുന്നതിനായി വിവിധ പൊലീസ് ബറ്റാലിയനുകളിലേക്കുള്ള നിയമന നടപടികള്‍ കർശനമാക്കാൻ തീരുമാനിച്ചത്. ഇതിന്റെ ഭാഗമായി തിരുവനന്തപുരം ,പത്തനംതിട്ട, ഇടുക്കി, എറണാകുളം, തൃശ്ശൂർ, മലപ്പുറം ,കാസർകോട് ജില്ലകളില്‍ ബയോമെട്രിക് പരിശോധനയ്ക്ക് ശേഷമേ നിയമന ശുപാര്‍ശ നല്‍കുകയുള്ളു.
വ്യാഴം ,വെള്ളി ദിവസങ്ങളിലാണ് പി.എസ്.സി ജില്ലാ കേന്ദ്രങ്ങളിൽ നിയമന ശുപാർശ വിതരണം ചെയ്യുക. ഇതിനു ശേഷം ഉദ്യോഗാർഥികൾ അവരുടെ പ്രൊഫൈൽ ആധാറുമായി ലിങ്ക് ചെയ്യുകയും ആധാർ നേരിട്ട് ഹാജരാക്കുകയും വേണം. ഇനി വിവിധ പരീക്ഷകളിൽ ഒറ്റത്തവണ പ്രമാണ പരിശോധന, നിയമന പരിശോധന ,ഓൺലൈൻ പരീക്ഷ, അഭിമുഖങ്ങൾ എന്നിവ നടത്തുന്ന സന്ദർഭങ്ങളിൽ ആധാറുമായി ബന്ധപ്പെടുത്തി ബയോമെട്രിക് പരിശോധനയിലൂടെ ഉദ്യോഗാർഥികളുടെ ഐഡന്‍റിറ്റി ഉറപ്പാക്കാനും പി.എസ്.സി തീരുമാനിച്ചു.