തിരുവനന്തപുരം: സർക്കാർ ആശുപത്രികളിലും നഗരസഭകളിലും ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ഗ്രേഡ് - 2 നിയമനത്തിന് അടിസ്ഥാന യോഗ്യതയായി പ്ലസ് ടു സയൻസ് നിർബന്ധമാക്കിയതോടെ സംസ്ഥാനത്തെ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ഉദ്യോഗാർഥികള്‍ ആശങ്കയിൽ.
2012ലാണ് ഈ തസ്തികയിലേക്ക് പിഎസ്‌സി അവസാനമായി പരീക്ഷ നടത്തിയത്. അതിന് ശേഷം ഏഴ് ബാച്ചുകളാണ് ഡിപ്ലോമ കോഴ്സ് പൂർത്തിയാക്കി പിഎസ്‌സി പരീക്ഷയ്ക്കായി കാത്തിരിക്കുന്നത്. നഗരസഭകളിലും ആരോഗ്യ വകുപ്പിലും അല്ലാതെ മറ്റ് മേഖലകളിൽ ഒന്നും ജോലിക്കായി പരിഗണിക്കില്ല എന്നതാണ് ഇവരുടെ ആശങ്ക വർധിപ്പിക്കുന്നത്.
2017ലെ സ്പെഷ്യൽ ഉത്തരവ് അനുസരിച്ചാണ് പ്ലസ് ടു സയൻസിൽ നിന്ന് മാത്രം അപേക്ഷ ക്ഷണിച്ചത്. എന്നാൽ 2017ലെ ഉത്തരവിൽ അവ്യക്തതയുണ്ടെന്നും ഇത് ഭേദഗതി ചെയ്യണമെന്നും നിർദേശിച്ച് 2018ൽ ആരോഗ്യ വകുപ്പ് ഡയറക്ടർ ആരോഗ്യ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിക്ക് കത്തയച്ചിരുന്നു. തസ്തികയിലേക്ക് ഹെൽത്ത് ഇൻസ്പെക്ടർ ഡിപ്ലോമയ്ക്കാണ് പ്രധാന പരിഗണന നൽകേണ്ടതെന്ന് ചൂണ്ടിക്കാട്ടിയാണ് കത്ത് നൽകിയത്. എന്നാൽ ഉത്തരവിൽ ഭേദഗതി വരുത്താൻ ആരോഗ്യ വകുപ്പ് ഇതുവരെ തയ്യറായിട്ടില്ല. ഫെബ്രുവരി അഞ്ചാണ് പരീക്ഷയ്ക്ക് അപേക്ഷിക്കാനുള്ള അവസാന തിയതി.