തിരുവനന്തപുരം: പി.എസ്.സി ചട്ടങ്ങൾ അനുവദിക്കാത്തതു കൊണ്ടാണ് മുൻകാല പ്രാബല്യത്തോടെ മുന്നാക്കക്കാരിലെ പിന്നാക്കക്കാർക്കുള്ള സാമ്പത്തിക സംവരണം നടപ്പാക്കണമെന്ന ആവശ്യം പരിഗണിക്കാൻ കഴിയാത്തതെന്ന് പി.എസ്.സി ചെയർമാൻ അഡ്വ എം.കെ സക്കീർ. സാമ്പത്തിക സംവരണം ജനുവരി ഒന്നു മുതൽ മുൻകാല പ്രാബല്യത്തോടെ നടപ്പാക്കണമെന്ന് എൻ.എസ്.എസ് അടക്കമുള്ള സംഘടനകൾ ആവശ്യപ്പെട്ടിരുന്നു.
തസ്തികകൾ സംബന്ധിച്ച വിജ്ഞാപനം പുറപ്പെടുവിക്കുമ്പോൾ തന്നെ സംവരണ ആനുകൂല്യങ്ങൾ ഉൾപ്പെടുത്തണം എന്നതാണ് പി.എസ്.സി ചട്ടം. ഒക്ടോബര്‍ 23 മുതലുള്ള വിജ്ഞാപനത്തിന്‍റെ കാലാവധി കഴിഞ്ഞിട്ടില്ലാത്തതിനാലാണ് അപേക്ഷിച്ചവർക്ക് വീണ്ടും അവസരം നൽകുന്നത്. മുന്നാക്കക്കാർക്കുള്ള സാമ്പത്തിക സംവരണം ഏർപ്പെടുത്തുന്നതിനായി സോഫ്റ്റ്‌വെയർ അടക്കമുള്ള എല്ലാ സംവിധാനവും പരിഷ്കരിക്കുമെന്നും എം.കെ.സക്കീർ പറഞ്ഞു. കൊവിഡ് ബാധിച്ചവർക്ക് പി.എസ്.സി പരീക്ഷയ്ക്ക് പ്രത്യേക സെന്‍ററുകൾ ഒരുക്കാൻ നടപടി സ്വീകരിക്കണമെന്ന് സർക്കാരിനോട് പി.എസ്.സി ആവശ്യപ്പെട്ടിട്ടുണ്ടെന്നും ചെയർമാൻ വ്യക്തമാക്കി.