തിരുവനന്തപുരം: കെ.എ.എസ് പരീക്ഷയിലെ ചോദ്യങ്ങൾ പാകിസ്ഥാനില്‍ നിന്ന് കോപ്പിയടിച്ചതാണെന്ന ആരോപണത്തിന് മറുപടിയുമായി പി.എസ്.സി ചെയര്‍മാൻ എം.കെ സക്കീർ. ആരോപണങ്ങൾ തരംതാണതാണെന്ന് അദ്ദേഹം പ്രതികരിച്ചു. അപവാദ പ്രചരണങ്ങൾ പി.എസ്.സിയെ തകർക്കാനാണ്. ചോദ്യപേപ്പർ തയ്യറാക്കുന്നത് പി.എസ്.സി അല്ല. ഇന്ത്യയിലെ പ്രഗത്ഭരാണ്. കുറ്റമറ്റ രീതിയിലാണ് പരീക്ഷ നടത്തുന്നത്. കെ.എ.എസിലെ പബ്ലിക് അഡ്മിനിസ്ട്രേഷൻ വിഭാഗത്തിലെ ആറ് ചോദ്യങ്ങൾ തെറ്റാണോ എന്ന് ചർച്ച ചെയ്യേണ്ടത് സമൂഹമാണെന്നും ചെയർമാൻ പറഞ്ഞു.
ചോദ്യങ്ങൾ പാകിസ്ഥാൻ സിവിൽ സർവീസ് പരീക്ഷയിൽ നിന്നും പകർത്തിയതാണെന്ന ആരോപണം പി.എസ്.സി ചെയർമാൻ തള്ളി. പബ്ലിക് അഡ്മിനിസ്ട്രേഷനിലെ തിയറി ചോദ്യങ്ങളാണ് ചോദിച്ചത്. ഒരു പരീക്ഷയിൽ ചോദിച്ച ചോദ്യങ്ങൾ മറ്റൊരിടത്ത് ചോദിക്കാൻ പാടില്ല എന്നുണ്ടോ എന്നും അദ്ദേഹം ചോദിച്ചു. ഈ ചോദ്യങ്ങള്‍ സാര്‍വ ദേശീയമാണെന്നും അദ്ദേഹം പറഞ്ഞു.