തിരുവനന്തപുരം: സംസ്ഥാനത്ത് ഗവർണർ -എസ് എഫ് ഐ പോര് മുറുകുന്നു. സംസ്കൃത കോളേജിന് പിന്നാലെ യൂണിവേഴ്സിറ്റി കോളേജിലും ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ ബാനർ ഉയർത്തി പ്രതിഷേധവുമായി എസ്എഫ്ഐ. യൂണിവേഴ്സിറ്റി കോളേജിനു മുന്നിൽ 'മിസ്റ്റർ ചാൻസിലർ ഡോണ്ട് സ്പിറ്റ് പോയിസൺ ആൻഡ് പാൻ പരാഗ് ഓൺ യൂണിവേഴ്സിറ്റീസ്' (Protest Against Kerala Governor At Thiruvananthapuram)
സി പിയെ വെട്ടിയ നാടണെന്നെഴുതിയ ബാനർ ആണ് ഉയർത്തിയത്. ഗവർണർക്കെതിരെ മുദ്രാവാക്യം വിളിച്ച് എസ്എഫ്ഐ പ്രവർത്തകർ കേരള സർവകലാശാലക്ക് മുന്നിലും ബാനർ സ്ഥാപിച്ചു. ' ഹിറ്റ്ലർ തോറ്റു മുസോളിനി തോറ്റു സർ സിപിയും തോറ്റുമടങ്ങി എന്നിട്ടാണോ ആരിഫ് ഖാൻ എന്ന് എഴുതിയ ബാനറാണ് ഉയർത്തിയത്. യൂണിവേഴ്സിറ്റി കോളേജിന് മുന്നിൽ എസ്എഫ്ഐ പ്രവർത്തകർ ഗവർണറുടെ കാവി ലുങ്കി ഉടുപ്പിച്ച കോലം കത്തിച്ചു.
'ആരിഫ് ഖാനെ തെമ്മാടി, തെമ്മാടികളുടെ നേതാവേ' എന്നടക്കം ഗവർണർക്കെതിരെ രൂക്ഷമായ ഭാഷയിലാണ് എസ്എഫ്ഐ പ്രവർത്തകർ മുദ്രാവാക്യം മുഴക്കിയത്. രാവിലെ സംസ്കൃത കോളേജിലും എസ്എഫ്ഐ ബാനർ ഉയർത്തിയിരുന്നു. 'മിസ്റ്റർ ചാൻസിലർ നിങ്ങളുടെ വിധേയത്വം സർവകലാശാലയോടായിരിക്കണം സംഘ്പരിവാറിനോടാവരുത്' എന്ന് എഴുതിയ ബാനറാണ് സ്ഥാപിച്ചിരിക്കുന്നത്. ഗവർണർ ഇന്ന് രാത്രി തലസ്ഥാനത്തെത്തും.