തിരുവനന്തപുരം: കണ്ണൂരില്‍ നടന്ന ചരിത്ര കോണ്‍ഗ്രസിലുണ്ടായ പ്രതിഷേധത്തില്‍ കൂടുതല്‍ നടപടികളുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ചരിത്ര കോണ്‍ഗ്രസ് വേദിയിലുണ്ടായ സംഭവങ്ങളില്‍ ഗവര്‍ണര്‍ ഡിജിപിയോടും എഡിജിപിയോടും റിപ്പോര്‍ട്ട് തേടി. സംഭവം വിശദമായി അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാനാണ് നിര്‍ദേശം. പ്രതിഷേധം ഉണ്ടാകുമെന്ന് നേരത്തെ സൂചനയുണ്ടായിരുന്നിട്ടും പരിപാടിയുടെ സംഘാടകരും സര്‍വകലാശാലയും ഒന്നും ചെയ്തില്ല എന്ന വിലയിരുത്തലിലാണ് ഗവര്‍ണറുടെ ഓഫീസ്.
ഈ സാഹചര്യത്തില്‍ സംഘാടകരുടെ വീഴ്ച പരിശോധിക്കണമെന്നും പൊലീസിന് ഗവര്‍ണര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. സംഭവങ്ങളുടെ ദൃശ്യങ്ങള്‍ മുഴുവനും പരിശോധിക്കണമെന്നും നിര്‍ദേശമുണ്ട്. ഇന്നലെയാണ് കണ്ണൂരില്‍ ചരിത്ര കോണ്ഗ്രസിന്റെ ഉദ്ഘാടന വേദിയില്‍ നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. ഗവര്‍ണറുടെ ഉദ്ഘാടന പ്രസംഗത്തിനിടെ കോണ്‍ഗ്രസില്‍ പങ്കെടുക്കാനെത്തിയ പ്രതിനിധികള്‍ വേദിക്ക് മുന്നില്‍ പ്രതിഷേധം ഉയര്‍ത്തുകയായിരുന്നു. പൗരത്വ നിയമ ഭേദഗതിയിലെ ഗവര്‍ണറുടെ നിലപാടിനെതിരെയായിരുന്നു പ്രതിഷേധം.