തിരുവനന്തപുരം: കേരളത്തിലെ പൈതൃക സ്ഥലങ്ങൾ തടസം ഇല്ലാതെ ആസ്വദിക്കാൻ ഹെറിറ്റേജ് ടൂറിസത്തിലേക്ക് എആർ (ഓഗ്‌മെന്‍റഡ് റിയാലിറ്റി) സാങ്കേതികവിദ്യ ഉപയോഗിക്കാൻ ഒരുങ്ങി കേരള ടൂറിസം വകുപ്പ്. കേരളത്തിലെ പൈതൃക പ്രദേശങ്ങളുടെ ചരിത്രവും കാഴ്‌ചകളും എ ആർ സാങ്കേതികവിദ്യ ഉപയോഗിച്ചു കൊണ്ട് മൊബൈൽ ഫോണിൽ ലഭ്യമാക്കും. 'ഓഗ്‌മെന്‍റഡ് റിയാലിറ്റി ഹെറിറ്റേജ് വാക്ക്' എന്ന കേരള ടൂറിസം വകുപ്പിന്‍റെ പുതിയ പദ്ധതി മൂന്നുമാസത്തിനുള്ളിൽ നിലവിൽ വരും.
പദ്ധതിയുടെ പരീക്ഷണാർഥം ആദ്യഘട്ടത്തില്‍ തിരുവനന്തപുരം ജില്ലയിലെ കിഴക്കേകോട്ട, ചാല ഉൾപ്പടെ പത്മനാഭസ്വാമി ക്ഷേത്ര പരിസരത്തെ അമ്പതോളം സ്ഥലങ്ങളാണ് പദ്ധതിയിൽ ഉള്ളത്. പദ്ധതിക്കായി സർക്കാർ 60 ലക്ഷം രൂപയുടെ ഭരണാനുമതി നൽകി. പൈതൃക പാത പദ്ധതിയിൽ ഉള്ള സ്ഥലങ്ങളിൽ എത്തിയാൽ കേരള ടൂറിസം എന്ന മൊബൈൽ ആപ്പിലെ കാമറ ഓപ്പൺ ചെയ്‌താൽ അവിടുത്തെ എല്ലാ ആഘോഷങ്ങളും മൊബൈലിൽ തെളിയും.
ഇതോടെ കേട്ടറിവ് മാത്രമുള്ള ആഘോഷങ്ങളും ആചാരങ്ങളും വരെ മൊബൈലിൽ എച്ച് ഡി മികവോടെ കാണാം. ഉദാഹരണത്തിന് പത്മനാഭസ്വാമി ക്ഷേത്രത്തിനു മുന്നിലാണ് കാമറ പ്രവർത്തിപ്പിക്കുന്നതെങ്കിൽ അല്‍പ്പശി ഉത്സവം, വേലകളി, പള്ളിവേട്ട, ലക്ഷദീപം, പൈങ്കുനി ഉത്സവം എന്നിവ ഏത് സമയവും കാണാനാകും. 360 ഡിഗ്രി വീഡിയോ, ത്രി ഡി ആനിമേഷൻ, നാവിഗേഷൻ മാപ്പ് എന്നിവയും സമീപത്തെ ഹോട്ടലുകൾ, ശുചിമുറികള്‍ എന്നിവയും ആപ്പിൽ ലഭ്യമാകും.
Also Read: ഉത്തരമലബാറിലെ വിനോദസഞ്ചാരവികസനം; കോട്ടപ്പുറത്ത് ഒരുങ്ങിയത് കേരള തനിമയിൽ ഒരു പുരവഞ്ചി കേന്ദ്രം
ചെന്ന് നിൽക്കുന്ന സ്ഥലത്തിന്‍റെ പേര്, ചരിത്രം, എന്നിവയും ശബ്‌ദ സന്ദേശമായും വീഡിയോ ആയും ആപ്പിൽ ലഭിക്കും. കിഴക്കേകോട്ട, പഴവങ്ങാടി ക്ഷേത്രം, പുത്തരിക്കണ്ടം മൈതാനം, ചാല, വെട്ടിമുറിച്ച കോട്ട, പദ്‌മതീർഥക്കുളം, കോട്ടവാതിൽ, ശ്രീപാദം കൊട്ടാരം, ഫോർട്ട് സ്‌കൂൾ, വടക്കേ കൊട്ടാരം, മതിലകം രേഖകൾ, മാർഗി, വേട്ടയ്ക്കൊരു മകൻ ക്ഷേത്രം, സുന്ദരവിലാസം കൊട്ടാരം, പടിഞ്ഞാറേക്കോട്ട, ശംഖുചക്ര കൊട്ടാരം, നമ്പി മഠം, മിത്രാനന്ദപുരം ക്ഷേത്രം, ശ്രീവരാഹം ക്ഷേത്രം, സിംഹക്കോട്ട വാതിൽ, തെക്കേകോട്ട, പുത്തൻ തെരുവ്, രാമവർമപുരം ഗ്രാമം, കൃഷ്‌ണ വിലാസം കൊട്ടാരം, കുഴിമാളിക, അനന്തവിലാസം കൊട്ടാരം, ഭജനപുര, കുതിര മാളിക, സ്വാതി തിരുനാൾ മ്യൂസിയം, രംഗമാളിക, സിവിഎൻ കളരി സംഘം, കാർത്തിക തിരുനാൾ തിയേറ്റർ, പദ്‌മതീർഥക്കര ശിവപാർവതി ക്ഷേത്രം, നവഗ്രഹ ക്ഷേത്രം, അഭേദാശ്രമം, കല്ലാനശില്‍പം, മേത്തൻമണി, കരുവേലപ്പുര മാളിക, നവരാത്രി ആഘോഷം, ലക്ഷദ്വീപം, പൈങ്കുനി ഉത്സവം, വേലകളി, പള്ളിവേട്ട, അൽപ്പശി ഉത്സവം, തീർഥപാദ മണ്ഡപം എന്നീ സ്ഥലങ്ങളിലാണ് ആദ്യഘട്ടത്തിൽ പദ്ധതി നടപ്പിലാക്കുന്നത്.